Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » ആരായിരുന്നു സെന്റ് വാലന്റൈൻ; ഫെബ്രുവരി 14-ന്റെ പിന്നിലെ യഥാർത്ഥ കഥ
ഇന്ന് വാലന്റൈൻസ് ദിനം; ആരായിരുന്നു സെന്റ് വാലന്റൈൻ; ഫെബ്രുവരി 14-ന്റെ പിന്നിലെ യഥാർത്ഥ കഥ

ആരായിരുന്നു സെന്റ് വാലന്റൈൻ; ഫെബ്രുവരി 14-ന്റെ പിന്നിലെ യഥാർത്ഥ കഥ

by Editor
Send your news and Advertisements

പ്രണയിക്കുന്നവർ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഫെബ്രുവരി 14 വാലെന്റ്റെസ് ഡേ. ലോകമെമ്പാടും എല്ലാ വർഷവും ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ദിനമായ വാലന്റൈൻസ് ദിനത്തിന് പിന്നിൽ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഒരു വലിയ ചരിത്രമുണ്ട്. പ്രണയദിനം ആഘോഷിക്കുന്നവർ ഈ ചരിത്രം അറിയാതെ പോകരുത്.

വാലന്റൈൻസ് ഡേയുടെ ചരിത്രം ഉറങ്ങുന്നത് പുരാതന റോമിലാണ്. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വിശുദ്ധ വാലന്റൈൻ (Saint Valentine) എന്ന പുരോഹിതന്റെ ജീവിതകഥയാണ് ഈ ദിനത്തിന്റെ അടിസ്ഥാനം. വാലന്റൈൻ എന്ന റോമൻ പുരോഹിതന്റെ ഓർമ്മയ്ക്കായാണ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത്. സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി വിശുദ്ധ വാലന്റൈൻ തന്റെ ജീവൻ പോലും നൽകി. വാലന്റൈൻ വധിക്കപ്പെട്ട ദിവസം ലോകമെമ്പാടും വാലന്റൈൻസ് ദിനമായി ആഘോഷിക്കപ്പെടുന്നു.

മൂന്നാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന ക്ലോഡിയസ് രണ്ടാമൻ (Claudius II) ചക്രവർത്തിയുടെ കാലത്താണ് വിശുദ്ധ വാലന്റൈൻ ജീവിച്ചിരുന്നത്. ക്ലോഡിയസ് രണ്ടാമൻ ഭരണകാലത്തു ഒരു വിജിത്ര നിയമം രാജ്യത്ത് അവതരിപ്പിച്ചു. അന്നത്തെ സൈന്യത്തിലുള്ള യുവാക്കളായ സൈനികർ വിവാഹം കഴിക്കാൻ പാടില്ല. വിവാഹിതരായ സൈനികരെക്കാളും, അവിവാഹിതരായ സൈനീകർക്ക് നല്ല പോരാളികൾ ആകാൻ സാധിക്കും എന്ന് അദ്ദേഹം വിശ്വസിച്ചു.

എന്നാൽ ചക്രവർത്തിയുടെ ക്രൂരമായ നിയമത്തെ വാലെന്റൈൻ എന്ന പുരോഹിതൻ എതിർത്തിരുന്നു. പ്രണയിതാക്കളെ അദ്ദേഹം രഹസ്യമായി ആരാധനാലങ്ങളിൽ വെച്ച് വിവാഹം കഴിപ്പിച്ചു. ഇത് അറിഞ്ഞ ചക്രവർത്തി വാലന്റൈനെ തടവിലാക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. തടവറയിൽ കിടക്കുമ്പോൾ വാലന്റൈൻ അവിടുത്തെ ജയിലറായ അസ്റ്റീരിയസിന്റെ അന്ധയായ മകളുമായി സൗഹൃദത്തിലായി (ചില കഥകളിൽ ഇത് പ്രണയമാണെന്നും പറയപ്പെടുന്നു). വാലന്റൈന്റെ പ്രാർത്ഥനയാൽ ആ പെൺകുട്ടിക്ക് കാഴ്ച ലഭിച്ചുവെന്നാണ് വിശ്വാസം.

തന്റെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ്, എ.ഡി 270 ഫെബ്രുവരി 14-ന്, അദ്ദേഹം ആ പെൺകുട്ടിക്ക് ഒരു കുറിപ്പ് എഴുതി. അതിൽ ഒപ്പിട്ടിരുന്നത് ഇങ്ങനെയായിരുന്നു: “നിങ്ങളുടെ വാലന്റൈനിൽ നിന്ന്” (From your Valentine). ഈ വാചകമാണ് ഇന്നും ലോകമെമ്പാടുമുള്ള കാമുകീകാമുകന്മാർ സന്ദേശങ്ങളിൽ ഉപയോഗിക്കുന്നത്. എ.ഡി. 270-ൽ ഫെബ്രുവരി 14-ന് വിശുദ്ധ വാലന്റൈനെ വധിച്ചതായി പറയപ്പെടുന്നു. വിശുദ്ധ വാലന്റൈനെ തൂക്കിലേറ്റുന്നത് ഉചിതമല്ലെന്ന് റോമാക്കാർ കണ്ടെത്തി. വിശുദ്ധ വാലന്റൈന്റെ വധശിക്ഷ നടപ്പാക്കിയ ഫെബ്രുവരി 14, എല്ലാ വർഷവും പ്രണയദിനമായി ആഘോഷിക്കാൻ തുടങ്ങി.

പ്രാചീന റോമിൽ ഫെബ്രുവരി 13 മുതൽ 15 വരെ ലൂപ്പർകാലിയ (Lupercalia) എന്ന പേരിൽ ഒരു വസന്തകാല ഉത്സവം ആഘോഷിച്ചിരുന്നു. വാലന്റൈൻസ് ദിനത്തിന്റെ മുൻഗാമിയായി പല ചരിത്രകാരന്മാരും ഇതിനെ കരുതുന്നു. പലറ്റൈൻ ഹില്ലിലെ ‘ലൂപ്പർകാൽ’ (Lupercal) എന്ന ഗുഹയിലാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഇവിടെ വെച്ച് ആടുകളെയും നായയെയും ബലി അർപ്പിക്കുന്നു. ബലിക്ക് ശേഷം ‘ലൂപ്പർസി’ (Luperci) എന്നറിയപ്പെടുന്ന പുരോഹിതന്മാർ മൃഗങ്ങളുടെ തോലുകൊണ്ട് നിർമ്മിച്ച ചാട്ടവാറുകൾ (Februa) ഉപയോഗിച്ച് തെരുവിലൂടെ ഓടുകയും ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളെ മൃദുവായി അടിക്കുകയും ചെയ്യുമായിരുന്നു. ഇത് പ്രസവം എളുപ്പമാക്കാനും വന്ധ്യത നീക്കാനും സഹായിക്കുമെന്ന് അക്കാലത്തെ സ്ത്രീകൾ വിശ്വസിച്ചിരുന്നു.

എ.ഡി 496-ൽ ഗെലാസിയസ് ഒന്നാമൻ മാർപ്പാപ്പ ഈ വിജാതീയ (Pagan) ഉത്സവത്തെ നിരോധിക്കുകയും പകരം ഫെബ്രുവരി 14 വിശുദ്ധ വാലന്റൈന്റെ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഉത്സവത്തിലെ ആചാരങ്ങൾ ക്രൈസ്തവ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ജനങ്ങൾക്കിടയിൽ വളരെ പ്രചാരമുണ്ടായിരുന്ന ലൂപ്പർകാലിയ ആഘോഷങ്ങളെ പാടെ ഇല്ലാതാക്കുന്നതിന് പകരം, അതിനെ ഒരു ക്രിസ്തീയ ആഘോഷമാക്കി മാറ്റാൻ സഭ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 14-ന് കൊല്ലപ്പെട്ട വിശുദ്ധ വാലന്റൈന്റെ സ്മരണയ്ക്കായി ആ ദിനം മാറ്റിവെച്ചു. ചുരുക്കത്തിൽ, ലൂപ്പർകാലിയയുടെ വസന്തകാല ആഘോഷങ്ങളെ സഭ വിശുദ്ധ വാലന്റൈന്റെ പേരിൽ പുനഃക്രമീകരിക്കുകയായിരുന്നു.

You may also like

error: Content is protected !!