മധുര: തമിഴ്‌നാട്ടിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് വെട്രി കഴകം (ടിവികെ) കന്നിയങ്കത്തിനിറങ്ങുമെന്ന് നടനും പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്‌ഥാന സമ്മേളനത്തിലാണ് നടൻ്റെ പ്രഖ്യാപനം. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജകമണ്ഡലത്തില്‍നിന്ന് ജനവിധി തേടുമെന്നും വിജയ് പറഞ്ഞു. എന്നാൽ എല്ലാ മണ്ഡലത്തിലെയും സ്ഥാനാർഥി താനാണെന്ന് കരുതി ടിവികെയ്ക്ക് വോട്ടു നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.
‘സിംഹം എപ്പോഴും സിംഹമാണ്. കാട്ടിൽ ധാരാളം കുറുക്കന്മാരും മറ്റു മൃഗങ്ങളുമുണ്ടാകും. ഒരൊറ്റ സിംഹമേ ഉണ്ടാകൂ, അത് ഒറ്റയ്ക്കാണെങ്കിലും ആ കാട്ടിലെ രാജാവ് അത് തന്നെയായിരിക്കും. സിംഹം ഇവിടെ വന്നിരിക്കുന്നത് വേട്ടയാടാനാണ്,’ വിജയ് പറഞ്ഞു. ‘234 സീറ്റിലും നിങ്ങളുടെ വീട്ടിൽ നിന്നുള്ളവർ മാത്രമേ സ്ഥാനാർഥിയാകൂ. മുഴുവൻ തമിഴ്നാട്ടിലെയും സ്ഥാനാർഥി ഞാനാണെന്ന് കരുതി ജനങ്ങൾ വോട്ടു ചെയ്യണം. നിങ്ങളുടെ വിജയ് ആണ് പാർട്ടിയുടെ ചിഹ്നം. തമിഴരെല്ലാം എന്റെ രക്തബന്ധുക്കളാണ്.’–വിജയ് പറഞ്ഞു. സ്ത്രീകളുടെയും വയോധികരുടെയും കുട്ടികളുടെയും സുരക്ഷയാണ് ടിവികെയുടെ മുന്‍ഗണന. കര്‍ഷകര്‍, യുവാക്കള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരോട് സൗഹാര്‍ദപൂര്‍ണമായ സമീപനമായിരിക്കും ടിവികെയുടെ സര്‍ക്കാരിനുണ്ടാവുകയെന്നും വിജയ് പറഞ്ഞു.
ഡിഎംകെയെയും ബിജെപിയെയും വിജയ് പ്രസംഗത്തിൽ കടന്നാക്രമിച്ചു. ടിവികെ ബിജെപിയുമായി സഹകരിക്കുമെന്ന് കിംവദന്തികളുണ്ട്. ടിവികെ ബിജെപിയുമായി സഖ്യത്തിനില്ല. ടിവികെ ഒരുമതത്തിനും എതിരല്ല. ടിവികെ ജനങ്ങളുടെ പാർട്ടിയാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളയും എന്നും വിജയ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.