ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങൾ കാരണമാണ് രാജി എന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. തൻ്റെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ നടത്തുന്നതിനായി ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നുവെന്ന് ജഗ്‌ദീപ് ധൻകർ രാജിക്കത്തിൽ പറയുന്നു. അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവരോട് കൃതജ്ഞത അർപ്പിക്കുന്നുവെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു. മാർച്ചിൽ നെഞ്ചുവേദനയെത്തുടർന്ന് ധൻകർ ഡൽഹി എയിംസിൽ ഏതാനും ദിവസം ചികിത്സയിലായിരുന്നു.
താൻ ഉപരാഷ്ട്രപതി ആയിരുന്ന കാലയാളവിൽ രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയിലും വികസനത്തിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലും അതിൽ പങ്കാളിയാകാൻ സാധിച്ചതിലും സംതൃപ്തനാണെന്നും ജഗ്‌ദീപ് ധൻകർ പറഞ്ഞു. രാജ്യത്തെ പുരോഗതിയുടെ ഈ വേളയിൽ സേവനം ചെയ്യാൻ കഴിയുന്നത് ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത 60 ദിവസത്തിനുള്ളിൽ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കും. 2022 ഓഗസ്റ്റ് 11-നാണ് ജഗ്‌ദീപ് ധൻകർ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. ഉപരാഷ്ട്രപതി എന്ന നിലയിൽ രാജ്യസഭയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചുവരികയാണ് അപ്രതീക്ഷിത രാജി. പദവിയിൽ രണ്ടു വർഷം ബാക്കിനിൽക്കെയാണു രാജിവയ്ക്കുന്നത്. 2019 മുതൽ 2022 വരെ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.