മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20-നാണ് മരണം സംഭവിച്ചത്. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23- ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.
1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി. 1940-ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
2006 മുതൽ 2011 വരെ സംസ്‌ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി. 2016-ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്.