തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്‌ച ആലപ്പുഴ വലിയ ചുടുകാട്ടിൽ. ഇന്ന് വൈകിട്ട് മൃതദേഹം തിരുവനന്തപുരം എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനത്തിനെത്തിക്കും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ബുധൻ രാവിലെ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.
വി എസിനെ അനുസ്മരിച്ച് നേതാക്കൾ
വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ‘കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നൽകി. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നിന്നു. നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു അദ്ദേഹം’, വി ഡി സതീശൻ പറഞ്ഞു.
സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി എസ് അച്യുതാനന്ദനെന്ന് വേണുഗോപാല്‍ അനുശോചിച്ചു. വി.എസ്.അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു യുഗമാണ് വി എസിലൂടെ അവസാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു. വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്ത് വലിയ പരിവർത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമരമുഖത്ത് വി എസ് കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാർട്ടിയിൽ പോലും പ്രതിപക്ഷ ശബ്ദം ഉയർത്താൻ വി എസ് ധൈര്യം കാണിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വി എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനാണെന്ന് ശശി തരൂർ പറഞ്ഞു. ജനപ്രിയനായ ബഹുജന നേതാവും മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹമെന്ന് ശശി തരൂർ.
വിഎസുമായി ഒരുപാട് അനുഭവമുണ്ടെന്നും പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും എൻകെ പ്രമചന്ദ്രൻ എംപി അനുസ്മരിച്ചു. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് വിഎസെന്നും മരണത്തെ പോലും വെല്ലുവിളിച്ച നേതാവാണ് അദ്ദേഹമെന്നും എകെ ബാലൻ പറഞ്ഞു. സമര തീച്ചൂളകളിലൂടെ വളർന്ന വിഎസ് എന്ന രണ്ടക്ഷരം ജനം ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമെന്നും എളമരം കരീം പറഞ്ഞു.
വിഎസിൻ്റെ വിയോഗം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തീരാ നഷ്ടമെന്ന് പശ്ചിമ ബംഗാളിലെ സിപിഎം നേതാവും പിബി അംഗവുമായ നിലോൽപൽ ബസു പ്രതികരിച്ചു. അതീവ ദുഃഖം രേഖപ്പെടുത്തുന്നു. എല്ലാ സംസ്ഥാന കമ്മറ്റികളും 72 മണിക്കൂർ പാർട്ടി പതാക പകുതി താഴ്ത്തി കെട്ടാൻ ആവശ്യപ്പെട്ടു. പാർട്ടി ജനറൽ സെക്രട്ടറി കേരളത്തിലുണ്ട്. കൂടുതൽ നേതാക്കൾ. ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഎസ് സ്വയം ചരിത്രം രചിച്ച നേതാവെന്നും പാവപ്പെട്ടവരുടെ പോരാളിയെന്നും ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാംഗം കെ രാധാകൃഷ്ണന്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രത്യേകിച്ച് കേരളത്തിലെ സിപിഐഎമ്മിനും വലിയ നഷ്ടമാണ് വി എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു