ടെഹ്‌റാൻ: ഇറാനിലെ സുപ്രധാന ഛാബഹാർ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ പിൻവലിച്ച് അമേരിക്ക. ഈ മാസം 29 മുതൽ ഉപരോധങ്ങൾ പ്രാബല്യത്തിൽവരും. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നീക്കം എന്നാണ് യുഎസ് വാദമെങ്കിലും തുറമുഖ വികസനത്തിൽ പങ്കാളിയായ ഇന്ത്യയെ അടക്കം ബാധിക്കുന്നതാണ് തീരുമാനം. ഇതുവരെ നൽകിയിരുന്ന ഇളവ് യു എസ് പിൻവലിച്ചത് ഇന്ത്യയുടെ ചരക്കു നീക്കത്തെ കാര്യമായി ബാധിച്ചേക്കും. ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്ന തുറമുഖം അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കുമുള്ള പ്രധാന കവാടമായാണ് ഇന്ത്യ കാണുന്നത്.
ഛാബഹാർ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്കായി 2018-ൽ നൽകിയ ഉപരോധ ഇളവാണ് ഇതോടെ യുഎസ് പിൻവലിക്കുന്നത്. 2018-ലെ ഇറാൻ ഫ്രീഡം ആൻഡ് കൗണ്ടർ പ്രോലിഫെറേഷൻ ആക്ട് (ഐഎഫ്‌സിഎ) പ്രകാരമാണ് ഉപരോധം ഏർപ്പെടുത്തിയത്. 7,200 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബാണ് ഛാബഹാർ തുറമുഖം. ഇറാന്റെ തെക്കൻതീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാൻ- ബലൂചിസ്താൻ പ്രവിശ്യയിലാണ് ഛാബഹാർ ആഴക്കടൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഒരു വ്യാപാര പാത നൽകുന്നതിനാൽ ഛാബഹാർ ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ പ്രാധാന്യം അർഹിക്കുന്ന തുറമുഖമാണ്.
അമേരിക്ക പ്രഖ്യാപിച്ച ഇരട്ട തീരുവ നവംബർ അവസാനം പിൻവലിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് ഈ ഉപരോധം വരുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. നവംബർ അവസാനത്തോടെ ഇന്ത്യ – അമേരിക്ക വാണിജ്യ കരാറിന് അന്തിമ രൂപം നൽകാനാകും എന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.