വാഷിങ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇന്ന് (വെള്ളിയാഴ്‌ച) അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. ലോകം ഉറ്റുനോക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടിയിൽ യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അലാസ്ക ഉച്ചകോടിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കവെ, ഉറച്ച നിലപാടുകളും കൃത്യതയോടെ പെരുമാറുകയും ചെയ്യുന്ന പുടിനും നിലപാടുകളിൽ മലക്കം മറിയുന്ന അജണ്ടകളിൽനിന്ന് വ്യതിചലിച്ച് അപ്രതീക്ഷിത തീരുമാനങ്ങൾ എടുക്കുന്ന ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരമാവുമോ അതോ പരാജയത്തിൽ അവസാനിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്. അലാസ്‌ക ഉച്ചകോടിയിൽ ഫലവത്തായ തീരുമാനങ്ങളുണ്ടായി യുക്രെയ്ൻ യുദ്ധത്തിന് അവസാനം കുറിച്ചാൽ ട്രംപിന് തന്റെ നൊബേൽ സ്വപ്‌നത്തിലേക്ക് കൂടുതൽ അടുക്കാൻ കഴിയും. എന്നാൽ പുടിന് അനുകൂലമായി യുക്രെയ്ന്റെ ഭൂമി കൈമാറ്റം നടത്തിയുള്ള സന്ധിയാണ് രൂപപ്പെടുന്നതെങ്കിൽ യൂറോപ്പിലെ സഖ്യകക്ഷികളിൽനിന്ന് അമേരിക്ക കടുത്ത എതിർപ്പ് നേരിടേണ്ടി വരും. റഷ്യയുടെ അധിനിവേശം ട്രംപ് അംഗീകരിച്ചതായും വ്യാഖ്യാനിച്ചേക്കാം. ഇതിനൊപ്പം നാറ്റോയ്ക്കുള്ളിലും പുതിയ ചേരികൾ രൂപപ്പെട്ടേക്കാം.
അതിനിടെ വെള്ളിയാഴ്‌ച അലാസ്‌കയിൽ നടക്കുന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷവും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ സതയ്യാറായില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ വെർച്വൽ യോഗത്തിലും ട്രംപ് വ്യക്തമാക്കി.
വെർച്വൽ യോഗത്തിൽ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ സ്വാഗതം ചെയ്‌തു. റഷ്യ വെടിനിർത്തലിന് വഴങ്ങിയില്ലെങ്കിൽ ഉപരോധം ശക്തമാക്കണമെന്ന് സെലൻസ്‌കി പറഞ്ഞു. ആദ്യം വെടിനിർത്തൽ പിന്നീട് സമാധാന കരാർ എന്നായിരുന്നു സെലൻസ്‌കി ചർച്ചയിലുന്നയിച്ചത്. വെടിനിർത്തലിന് ട്രംപ് പിന്തുണ നൽകിയെന്ന് യോഗത്തിന് ശേഷം സെലൻസ്‌കിയും വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ൻ ചില പ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയിൽ യൂറോപ്യൻ സഖ്യ കക്ഷികൾ ആശങ്ക അറിയിച്ചു.