ബെയ്റൂട്ട്: സിറിയയിൽ ഭീകരസംഘടനയായ ഐ.എസ്.ഐ.എൽ (ഐ.എസ്.ഐ.എസ്) അംഗത്തെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന പിടികൂടി. തുർക്കി അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചു നടത്തിയ സൈനികനീക്കത്തിലാണ് ഇറാഖ് സ്വദേശിയായ ഐഎസ് കമാൻഡർ അബൂ ഹഫ്സ് അൽ ഖുറൈഷി പിടിയിലായത്. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് (SOHR) പ്രകാരം മറ്റൊരു ഇറാഖ് സ്വദേശി സലാഹ് നൂമാൻ കൊല്ലപ്പെടുകയും ചെയ്തു. പിടികൂടിയ പുരുഷന്റെ കൂടെ ഫ്രഞ്ച് സംസാരിക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നുവെന്നും, അവരെ യുഎസ് സൈന്യമാണോ അതോ പിന്നീട് പ്രദേശം വളഞ്ഞ സിറിയൻ സുരക്ഷാ സേനയാണോ പിടിച്ചുകൊണ്ടുപോയതെന്ന് വ്യക്തമല്ലെന്നും SOHR പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഐഎസ് തലവൻ അബൂ ഹുസൈൻ അൽ ഖുറൈഷി കൊല്ലപ്പെട്ടതിന് പിന്നാലെ അബൂ ഹഫ്സ് അൽ ഖുറൈഷിയെ പിൻഗാമിയായി ഐഎസ് അവരോധിച്ചു എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പിടിയിലായത് അതേ നേതാവ് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വിശദാംശങ്ങൾ യുഎസ് സേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഡിസംബറിൽ മുൻ പ്രസിഡന്റ് ബഷർ അൽ-അസദിനെ പുറത്താക്കിയതിനുശേഷം വടക്കൻ സിറിയയിൽ യുഎസ് സൈന്യം നടത്തുന്ന രണ്ടാമത്തെ പ്രധാന ആക്രമണമാണിത്. അദ്ദേഹത്തിന് പകരക്കാരനായി വന്ന പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ നേതൃത്വത്തിലുള്ള സർക്കാർ, ഐ.എസ്.ഐ.എല്ലിന്റെ പുനരുജ്ജീവനം തടയുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു, കൂടാതെ ഗ്രൂപ്പിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യം ഉൾപ്പെടുന്ന ഐ.എസ്.ഐ.എൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗവുമാണ്.
യു എസ് സഖ്യസേന 2017-ൽ ഇറാഖിലും 2019 -ൽ സിറിയയിലും ഐ.എസ്.ഐ.എൽ -നെ പരാജയപ്പെടുത്തിയിരുന്നു, പക്ഷേ അവരുടെ പോരാളികളും തീവ്രവാദികളും ഇപ്പോഴും ഇറാക്ക്, സിറിയ, ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ മാരകമായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ജൂണിൽ ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിയിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടു. റൈഫിളുമായി ഒരാൾ പള്ളിയിൽ കയറി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയും തുടർന്ന് ചാവേർ ബോംബ് പൊട്ടിത്തെറിക്കുകയും ആയിരുന്നു. ആ ആക്രമണത്തെ ഐ.എസ്.ഐ.എൽ നടത്തിയതാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു എങ്കിലും സരയ അൻസാർ അൽ-സുന്ന എന്ന മറ്റൊരു സംഘം അതിൽ അവകാശം ഉന്നയിച്ചിരുന്നു.