Sunday, April 5, 2026
Home » അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ധാരണയിലെത്തിയില്ല; ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്കിലേക്ക് ഇറാന്‍റെ മിസൈൽ പരീക്ഷണം
ഹോർമുസ് കടലിടുക്ക്

അമേരിക്ക-ഇറാൻ രണ്ടാം ഘട്ട ചർച്ച ധാരണയിലെത്തിയില്ല; ചർച്ചകൾക്കിടെ ഹോർമുസ് കടലിടുക്കിലേക്ക് ഇറാന്‍റെ മിസൈൽ പരീക്ഷണം

by Editor
Send your news and Advertisements

ജനീവ: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്നു. എന്നാൽ, ഈ ചർച്ചകൾ ഒരു നിശ്ചിത ധാരണയിലെത്താതെ സമാപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെദ് കുഷ്‌നർ എന്നിവരുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

ചർച്ചകൾ “സൃഷ്ടിപരമായ” രീതിയിലായിരുന്നുവെന്നും കരാറിലെത്തുന്നതിനുള്ള ചില “മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ” ഇരുവിഭാഗവും ധാരണയിലെത്തിയെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ചർച്ച ചെയ്യേണ്ടത് സങ്കീർണമായ വിഷയങ്ങളെന്നും ചുരുങ്ങിയ സമയത്തിൽ ചർച്ച അവസാനിച്ചത് ശുഭസൂചനയല്ലെന്നുമാണ് ഇറാൻ പ്രതിനിധിയുടെ പ്രതികരണം. കരാറിൽ ധാരണയാകും വരെ ജനീവയിൽ തുടരാൻ ഒരുക്കമാണെന്ന് ഇറാൻ വ്യക്തമാക്കി.

ഇരുകൂട്ടരും ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമാദ് അൽ ബുസൈദിക്കുമുന്നിൽ ആവശ്യങ്ങൾ അവതരിപ്പിച്ചു. ചർച്ചകളിൽ പരോക്ഷമായി താനും പങ്കെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയിൽ ധാരണയാകില്ലെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് ഹോർമുസ് കടലിടുക്കിലേക്ക് ഇറാന്‍റെ മിസൈൽ പ്രയോഗം. ചർച്ചകൾക്കിടെ ഇറാൻ ഹോർമൂസ് കടലിടുക്ക് താൽക്കാലികമായി അടയ്ക്കുകയും മിസൈൽ പരീക്ഷണം നടത്തുകയും ചെയ്തത് വലിയ പിരിമുറുക്കത്തിന് കാരണമായി. ആഗോള എണ്ണ വിപണിയുടെ ഒരു പ്രധാന ചരക്കുപാതയാണ് ഹോർമുസ് കടലിടുക്ക്.

ചർച്ച തുടങ്ങി മണിക്കൂറുകൾക്കകമാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡുകൾ സൈനികാഭ്യാസം നടത്തിയത്. ഇറാനിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമുസ് കടലിടുക്കിൽ നിശ്ചയിച്ച ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക അഭ്യാസങ്ങളുടെ ഭാഗമായി ഇതുവഴിയുള്ള ജലപാതയുടെ ചില ഭാഗങ്ങൾ താത്കാലികമായി അടച്ചിട്ടിരുന്നു.

അമേരിക്കയുടെ സമ്മർദതന്ത്രത്തിന് വഴങ്ങില്ലെന്ന സൂചനകളാണ് ഇറാൻ നൽകുന്നത്. ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പരസ്യപ്രസ്താവന നടത്തി. ഇറാന്‍ നേരിയ തോതില്‍ പോലും യുറേനിയം സമ്പുഷ്ടീകരിക്കുന്നത് അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ അവകാശമാണെന്ന നിലപാടിലാണ് ഇറാന്‍.

ജനീവയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്ക ആക്രമണം നടത്തിയാൽ ഹോർമുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകളുടെ സഞ്ചാരം തടയുമെന്നും പ്രത്യാക്രമണം നടത്തുമെന്നുമാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ; സമ്മർദം ശക്തമാക്കി ട്രംപ്.

You may also like

error: Content is protected !!