Mantis Partners Sydney
Monday, March 2, 2026
Mantis Partners Sydney
Home » ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രയേലും: ഐആർജിസി ആസ്ഥാനം തകർത്തു; ഇറാന്റെ 9 കപ്പലുകൾ മുക്കി.
ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രയേലും: ഐആർജിസി ആസ്ഥാനം തകർത്തു; ഇറാന്റെ 9 കപ്പലുകൾ മുക്കി.

ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രയേലും: ഐആർജിസി ആസ്ഥാനം തകർത്തു; ഇറാന്റെ 9 കപ്പലുകൾ മുക്കി.

by Editor
Send your news and Advertisements

ജെറുസലേം: ഇറാനെതിരെ ആക്രമണം ശക്തമാക്കി അമേരിക്കയും ഇസ്രയേലും. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ, ആണവനിലയങ്ങൾ, ആയുധപ്പുരകൾ, പ്രധാന സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ടെഹ്‌റാൻ, ഇസ്ഫഹാൻ, ഖോം, കരാജ്, കെർമാൻഷാ തുടങ്ങിയ നഗരങ്ങളിൽ ആക്രമണമുണ്ടായി. ‘ഓപ്പറേഷൻ എപിക് ഫ്യൂറി‘ (Operation Epic Fury) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടി ഇറാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ തുടരുമെന്ന് അമേരിക്ക അറിയിച്ചു. ഇറാനിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ട്രംപ് നിർദ്ദേശിച്ചു. ടെഹ്‌റാൻ ഉൾപ്പെടെ ഇറാന്റെ 31 പ്രവിശ്യകളിൽ 24-ലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്നു പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും കൂടുതൽ യുഎസ് സൈനികർക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്നും ട്രൂത്ത് സോഷ്യലിൽ പോസ്‌റ്റ് ചെയ്‌ത ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ ഇറാന്റെ 9 നാവിക കപ്പലുകൾ തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനാ ആസ്ഥാനത്തിനു നേരെയും ആക്രമണം ഉണ്ടായി. ഒമാൻ ഉൾക്കടലിൽ ചഹ് ബഹാർ തുറമുഖത്തിന് സമീപം ഇറാന്റെ ‘ജമാരൻ ക്ലാസ്’ (Jamaran-class) യുദ്ധക്കപ്പൽ യുഎസ് സേന തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമൂസ് കടലിടുക്കിന് സമീപമുള്ള ബന്ദർ അബ്ബാസിലെ നാവിക കേന്ദ്രങ്ങളിൽ ആക്രമണം നടന്നത് ഇറാന്റെ കടൽ വഴിയുള്ള സൈനിക നീക്കങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇറാന്റെ ബാക്കിയുള്ള കപ്പലുകളെയും ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലെത്തിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ പരമപ്രധാനമായ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ആസ്ഥാനം തകർത്തു. ടെഹ്‌റാനിലെ IRGC ആസ്ഥാനം പൂർണ്ണമായും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. “പാമ്പിന്റെ തല വെട്ടിമാറ്റി” എന്നാണ് ഈ നീക്കത്തെ അവർ വിശേഷിപ്പിച്ചത്. ഞായറാഴ്ച നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് ഈ സുപ്രധാന കേന്ദ്രം തകർക്കപ്പെട്ടത്. ടെഹ്‌റാന്റെ സുരക്ഷാ ചുമതലയുള്ള IRGC-യുടെ പ്രധാന കമാൻഡ് സെന്ററായ ‘തർ അള്ളാ’ ആസ്ഥാനം ഇസ്രായേൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

IRGC-യുടെ ഇന്റലിജൻസ് ആസ്ഥാനം, വ്യോമസേനാ കമാൻഡ് സെന്ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയും ആക്രമണത്തിൽ തകർക്കപ്പെട്ടു. IRGC കമാൻഡർ ജനറൽ മുഹമ്മദ് പാക്പൂർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതേത്തുടർന്ന് അഹമ്മദ് വാഹിദിയെ പുതിയ കമാൻഡർ ഇൻ ചീഫ് ആയി നിയമിച്ചതായും റിപ്പോർട്ടുകളുണ്ട്.

‘ഓപ്പറേഷൻ റോറിംഗ് ലയൺ’ (Operation Roaring Lion) എന്ന സൈനിക നടപടിയുടെ ആദ്യ 30 മണിക്കൂറിനുള്ളിൽ തന്നെ ഇസ്രായേൽ പ്രതിരോധ സേന (IDF) ഇറാനിൽ 2,000-ലധികം ബോംബുകൾ വർഷിച്ചതായി അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങളെയും വിക്ഷേപണ കേന്ദ്രങ്ങളെയും പൂർണ്ണമായും തകർക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യ ദിവസം തന്നെ ഇറാനിയൻ വ്യോമാതിർത്തിയിൽ പൂർണ്ണ ആധിപത്യം നേടാൻ തങ്ങൾക്കായെന്നും, തടസ്സങ്ങളില്ലാതെ ബോംബുകൾ വർഷിക്കാൻ സാധിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു. യുഎസ് വ്യോമസേനയുടെ B-2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ച് ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ 2,000 പൗണ്ട് ഭാരമുള്ള ബോംബുകൾ വർഷിച്ചതായും റിപ്പോർട്ടുകളുണ്ട്.

യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ടെഹ്‌റാനിലെ അതീവ സുരക്ഷയുള്ള ഗ്രീൻ സോണിലും പ്രധാന സർക്കാർ ഓഫീസുകളിലും അമേരിക്കൻ മിസൈലുകൾ പതിച്ചു. ഖമേനിയുടെ വസതിക്കും ഓഫീസിനും നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാന്റെ ഔദ്യോഗിക വാർത്താവിനിമയ സംവിധാനങ്ങൾ പലതും നിശ്ചലമായി. ഇറാന്റെ പടിഞ്ഞാറൻ മേഖലയിലുള്ള തന്ത്രപ്രധാനമായ സൈനിക വിമാനത്താവളങ്ങളും റഡാർ സംവിധാനങ്ങളും പൂർണ്ണമായും തകർക്കപ്പെട്ടു.

തിരിച്ചടിയായി ഇറാൻ ഇസ്രായേലിലെ പ്രധാന നഗരങ്ങളായ തെൽ അവീവ് (Tel Aviv), ഹൈഫ (Haifa) എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഇസ്രായേലിന്റെ പല ഭാഗങ്ങളിലും അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ ബങ്കറുകളിൽ അഭയം തേടുകയും ചെയ്തു. യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയെ സഹായിക്കുന്ന രാജ്യങ്ങൾ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തുടരെ മിസൈൽ വർഷിച്ച്‌ ഇറാൻ; അതീവ ഗുരുതരമായ സാഹചര്യം

You may also like

error: Content is protected !!