Wednesday, October 15, 2025
Mantis Partners Sydney
Home » ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തു.
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തു.

by Editor

ഗാസ: ഗാസയില്‍ സ്ഥിരമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തു. 15-ല്‍ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിന് ശേഷം ആറാം തവണയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന സുരക്ഷാ സമിതിയുടെ പ്രമേയം അമേരിക്ക വീറ്റോ ചെയ്യുന്നത്. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ കരയാക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയാണ് യുഎന്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചത്. ഗാസയിലെ സാഹചര്യം ദുരന്തപൂര്‍ണമെന്ന് വിശേഷിപ്പിച്ച പ്രമേയം, 2.1 ദശലക്ഷം പലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വെടിനിര്‍ത്തല്‍ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തത് ഖേദകരവും വേദനാജനകവുമെന്ന് ഐക്യരാഷ്ട്ര സഭയിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പ്രതികരിച്ചു. ഈ ക്രൂരതകളെ നേരിടുന്നതില്‍ നിന്നും വംശഹത്യയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിനും സുരക്ഷാ സമിതിയുടെ പങ്കിനെ തടയുന്നുവെന്നും റിയാദ് പറഞ്ഞു. ഗാസയ്‌ക്കെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് നീതികരണത്തിന്റെ ആവശ്യമില്ലെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാന്നി ഡാനന്‍ പറഞ്ഞു.

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വീര്യത്തോടെ ഗാസയിൽ ആക്രമണം നടത്തുമെന്നും അതിനു മുൻപ് തെക്കൻ ഗാസയിലെ സംരക്ഷിത പ്രദേശത്തേക്ക് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ സൈന്യം ഗാസയിലെ ജനങ്ങൾക്ക് പുതിയ മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം തുടങ്ങിയ പലായനം രൂക്ഷമായ കാഴ്ചയാണ് ഗാസയിലെങ്ങും കാണാനാകുക. കഴിഞ്ഞ മൂന്ന് ദിവസം മാത്രം അറുപതിനായിരം പേർ ഗാസയിൽ നിന്ന് പാലായനം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസയിൽ നിന്ന് ഇതുവരെ നാലര ലക്ഷം പലസ്തീനികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്നാണ് ഇസ്രയേലിന്റെ കണക്ക്. കഴിഞ്ഞ നാലാഴ്ചയിൽ ഗാസ വിട്ടവർ രണ്ടര ലക്ഷം കവിയും. ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവർ.

Send your news and Advertisements

You may also like

error: Content is protected !!