കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. മനോരമ ന്യൂസ് കോൺക്ലേവ് ഇന്നു രാവിലെ ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണു മുഖ്യാതിഥി. ‘ഇന്ത്യ – പേസ് ആൻഡ് പ്രോഗ്രസ്’ മുഖ്യ വിഷയമായ കോൺക്ലേവ് രാജ്യത്തിൻ്റെ പുരോഗതിയുടെ ദിശയും വേഗവും പ്രതീക്ഷകളും വെല്ലുവിളികളും വിലയിരുത്തും. രാഷ്ട്രീയം, ബിസിനസ്, വൈജ്‌ഞാനികം, സിനിമ തുടങ്ങിയ മേഖലകളിലെ പ്രമുഖർ വിവിധ സെഷനുകളിൽ ഉൾക്കാഴ്‌ചകൾ പങ്കിടും. കോൺക്ലേവിനു ക്ഷണിക്കപ്പെട്ടവർ രാവിലെ 9.15-ന് അകം ഹാളിൽ പ്രവേശിക്കണം. സുരക്ഷാകാരണങ്ങളാൽ ക്ഷണക്കത്ത് കൈവശം കരുതേണ്ടതാണ്.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജംഗ്ഷന്‍, ഗോശ്രീ പാലം, ബോള്‍ഗാട്ടി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. പിന്നീട് ചെന്നൈയിലേക്ക് പോകും.