ദുബായ്: ഇറാൻ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് യുഎഇ. ഇറാനിലെ എംബസി യുഎഇ അടച്ചു. അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും തീരുമാനിച്ചു. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൌകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. മറ്റു രാഷ്ട്രങ്ങളും ഈ നിലപാടിലേക്ക് പോകുമോ എന്നാണ് ഇനി അറിയാനുള്ളത്.
യുഎഇയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 3 പേർ മരിച്ചു. പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. 58 പേർക്ക് പരുക്കേറ്റു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. ഗൾഫിലെ മറ്റു രാജ്യങ്ങൾക്കു നേരെയും ഇറാൻ ആക്രമണം തുടരുകയാണ്. ഗൾഫ് രാജ്യങ്ങളെ സമ്മർദത്തിലാക്കി അമേരിക്കയെ യുദ്ധത്തിൽനിന്നു പിന്തിരിപ്പിക്കാനാണ് ഇറാൻ ആഗ്രഹിച്ചതെങ്കിലും ഫലത്തിൽ ഗൾഫ് രാജ്യങ്ങളുടെ ശത്രുത സമ്പാദിക്കാൻ മാത്രമാണ് സാധിച്ചത്. ഇറാന്റെ ആയുധങ്ങളെ ഗൾഫ് രാജ്യങ്ങൾ ഫലപ്രദമായി നേരിട്ടു എന്നത് ശ്രദ്ധേയമാണ്. 90 ശതമാനത്തിലധികം ആയുധങ്ങളെയും ആകാശത്തുതന്നെ നിർവീര്യമാക്കി. ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ക്യാംപുകൾ തിരിച്ചടി തുടങ്ങിയാൽ അതു താങ്ങാനുള്ള ശേഷി ഇനി ഇറാനു ബാക്കിയുണ്ടോ എന്നതു മാത്രമാണ് അറിയേണ്ടത്.
ഇറാന്‍റെ ആക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യു എ ഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.
ദുബായ്, അബുദാബി, കുവൈത്ത്, മനാമ വിമാനത്താവളങ്ങളിലും ഇറാൻ്റെ ആക്രമണമുണ്ടായി. റിയാദ് രാജ്യാന്തര വിമാനത്താവളത്തെയും യുഎസ് സൈനിക ഉദ്യോഗസ്‌ഥർ താമസിക്കുന്ന പ്രിൻസ് സുൽത്താൻ എയർബെയ്‌സിനെയും ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മിസൈലുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. കുവൈത്തിൽ ഇറാൻ ആക്രമണത്തിൽ ഒരാൾ മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 പേർക്ക് പരുക്കേറ്റു.
ബഹ്റൈൻ തലസ്‌ഥാനമായ മനാമയിൽ ക്രൗൺ പ്ലാസ ഹോട്ടലിനു നേരെ ആക്രമണം ഉണ്ടായി. ആർക്കും പരുക്കില്ലെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേരെ ആക്രമണം. പലാവു പതാകയുള്ള കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. നാല് ജീവനക്കാർക്ക് പരുക്കേറ്റു. കപ്പലിൽ 15 ഇന്ത്യക്കാരും 5 ഇറാൻ പൗരന്മാരും ആണുള്ളത്. ഇവരെ ഒഴിപ്പിച്ചു.
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യ ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷിലുള്ള ഒരു താമസസ്ഥലത്തും സിനഗോഗിലുമുള്ള സുരക്ഷിത മുറിയിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്. ഇവിടെ 28-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ടെൽ അവീവ് മേഖലയിലും മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, ഇസ്രായേലിലെ പ്രധാന വ്യോമതാവളമായ ടെൽ നോഫിലും (Tel Nof) സൈനിക ആസ്ഥാനമായ ഹകിര്യയിലും (HaKirya) ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.


