Monday, September 1, 2025
Mantis Partners Sydney
Home » ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യപ്പെടണമെന്ന് തുർക്കി
ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യപ്പെടണമെന്ന് തുർക്കി

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യപ്പെടണമെന്ന് തുർക്കി

by Editor

അങ്കാര: ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് തുർക്കി. വംശഹത്യയുടെ പുതിയ ഘട്ടത്തിലേക്കാണ് ഇസ്രയേൽ കടക്കുന്നതെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു. ഗാസയിൽ പട്ടിണി വിതച്ച് സ്ഥിരമായി പിടിച്ചെടുക്കാനാണ് ഇസ്രയേൽ ഒരുങ്ങുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ എതിർപ്പ് അറിയിക്കണമെന്നും ഹകാൻ ഫിദാൻ ഈജിപ്റ്റിൽ നടന്ന ചർച്ചകൾക്ക് ശേഷം പറഞ്ഞു. ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ അടിയന്തര യോഗം വിളിച്ചതായും തുർക്കി വിദേശകാര്യമന്ത്രി അറിയിച്ചു. ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം പ്രധാനമന്ത്രി ബദർ അബ്‌ദലട്ടിക്കൊപ്പം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫിദാൻ.

ഗാസാ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹുവിൻ്റെ പദ്ധതികൾക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയത്. ഇസ്രയേൽ പ്രതിരോധസേന മേധാവി ഇയാൽ സാമിറിൻ്റെ എതിർപ്പ് പോലും തള്ളിയായിരുന്നു തീരുമാനം. നടപടി ബന്ദി മോചനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലിൽ പ്രതിഷേധം ശക്തമാകുകയാണ്.

എന്നാൽ ഗാസ പിടിച്ചെടുക്കലല്ല മറിച്ച് ഹമാസിൽ നിന്ന് സ്വതന്ത്രമാക്കലാണ് ലക്ഷ്യമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ജോലി പൂർത്തിയാക്കുകയും ഹമാസിന്റെ പരാജയം ഉറപ്പാക്കുകയും അല്ലാതെ ഇസ്രായേലിന് മറ്റ് മാർഗമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലിലും പുറത്തും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ‘നുണകളുടെ ആഗോള പ്രചാരണം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയിലെ അടുത്ത ഘട്ടങ്ങൾക്കായി ‘വളരെ ചെറിയ സമയക്രമം’ മനസ്സിൽ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. സാധാരണ പൗരന്മാരുടെ മരണങ്ങൾ, നാശം, സഹായക്ഷാമം എന്നിവയുൾപ്പെടെ ഗാസയുടെ പല പ്രശ്‌നങ്ങൾക്കും കാരണം ഹമാസാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

Send your news and Advertisements

You may also like

error: Content is protected !!