ന്യൂയോർക്ക്: റഷ്യ – യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി അലാസ്‌കയിൽ വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡിമിർ സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. വാഷിംഗ്ടണ്‍ ഡിസിയിലാണ് ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്, യുകെ പ്രധാനമന്ത്രി സിര്‍ കെയ്ര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡ്‌റിച്ച് മെര്‍സ്, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലയാന്‍ തുടങ്ങിയവർ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. യൂറോപ്പിന്‍റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറിൽ യുക്രെയ്ന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണ്.
യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ മുന്നോട്ടുവച്ച ആവശ്യങ്ങളിലെ ചർച്ചക്കാണ് ട്രംപ്, സെലൻസ്കിയെ ക്ഷണിച്ചിരിക്കുന്നത്. ഡോൺബാസ് പൂർണമായും വിട്ടുകൊടുക്കണമെന്ന് അലാസ്ക കൂടിക്കാഴ്ചയിൽ പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായാണ് സൂചന. വിട്ടുകൊടുക്കില്ലെന്നാണ് സെലൻസ്കിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് യുക്രെയ്നൊപ്പം എന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഒന്നടങ്കം വൈറ്റ് ഹൗസിലേക്ക് എത്തുന്നത്. സെലൻസ്കിയുടെ ആദ്യ വൈറ്റ് ഹൗസ് സന്ദർശനത്തിലെ പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് യൂറോപ്യൻ നേതാക്കളുടെ പങ്കാളിത്തം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസിലെ ചര്‍ച്ചയ്ക്കിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിയോട് കയര്‍ത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും യുക്രെയ്ന്‍ ഒറ്റപ്പെടാതിരിക്കാനുമാണ് യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സ്‌കിയെ അനുഗമിക്കുന്നത്.
അലാസ്‌ക ചര്‍ച്ചയില്‍ പുടിന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ട്രംപ് ഇന്ന് സെലന്‍സ്‌കിക്ക് മുന്നില്‍വെയ്ക്കും. എന്നാല്‍ യുക്രെയ്‌ന്റെ ഭാഗങ്ങള്‍ വിട്ടുനല്‍കികൊണ്ടുള്ള സമവായത്തിന് സാധ്യമല്ലെന്നായിരിക്കും സെലൻസ്കിയും യൂറോപ്യന്‍ സഖ്യകക്ഷികള്‍ അടക്കം നിലപാട് വ്യക്തമാക്കുക. ഇത് ചര്‍ച്ചയെ ഏത് രീതിയിലാകും മുന്നോട്ടുനയിക്കുക എന്നത് കാത്തിരുന്ന് വിലയിരുത്തണം.