Sunday, August 31, 2025
Mantis Partners Sydney
Home » ട്രംപിന്റെ പിഴച്ചുങ്കം ഇന്നുമുതൽ; ഒരാഴ്ചയ്‌ക്കിടെ ട്രംപ് 4 തവണ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, നിരസിച്ച് പ്രധാനമന്ത്രി.
തീരുവ

ട്രംപിന്റെ പിഴച്ചുങ്കം ഇന്നുമുതൽ; ഒരാഴ്ചയ്‌ക്കിടെ ട്രംപ് 4 തവണ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, നിരസിച്ച് പ്രധാനമന്ത്രി.

by Editor

ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവയ്ക്ക് പുറമെ, റഷ്യൻ‌ എണ്ണ ഇറക്കുമതിക്കുള്ള പിഴയായി അടിച്ചേൽപ്പിച്ച 25 ശതമാനവും ചേർത്ത് മൊത്തം 50% തീരുവ ഓഗസ്റ്റ് 27-ന് അമേരിക്കൻ സമയം പുലർച്ചെ 12.01ന് പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച വിജ്ഞാപനം ട്രംപ് ഭരണകൂടം പുറത്തിറക്കി. അമേരിക്ക മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഇന്ത്യ വഴങ്ങാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്.

അതിനിടെ ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. നാല് തവണ ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി വിസമ്മതിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഫോണിലൂടെയാണ് മോദിയുമായി സംസാരിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

റഷ്യയിൽ നിന്ന് തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ പ്രതികാര നടപടിയായാണ് യുഎസ് ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ചത്. ഈ സമയത്തും പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ ട്രംപ് ശ്രമിച്ചിരുന്നു. ഓഗസ്റ്റ് 10-ന് ‘ഇന്ത്യ ഒരു മോശം സമ്പദ് വ്യവസ്ഥ’ എന്ന് ട്രംപ് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് പിന്നാലെ തീരുവ ഉയർത്തുകയായിരുന്നു.

യുഎസിന്റെ നിലപാടിനെതിരെ ശക്തമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇന്ത്യ എന്നും രാജ്യ താത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് മോദി വ്യക്തമാക്കി. യുഎസിന്റെ സമ്മർദ്ദത്തിന് മേൽ ഭയപ്പെടില്ലെന്നും അതിന് ആവശ്യമായ തക്കതായ പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ജൂൺ 17-നാണ് അവസാനമായി മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് സൂചന. ട്രംപിന്റെ അഭ്യർഥന മാനിച്ചാണ് മോദി ഫോണിൽ സംസാരിച്ചതെന്ന് അന്ന് തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഏകദേശം 35 മിനിറ്റ് നേരം ഇരുവരും ഫോണിൽ സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ആദ്യ സംഭാഷണമായതിനാൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചാണ് മോദി അന്ന് ട്രംപുമായി സംസാരിച്ചത്.

ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 19-20% വിഹിതവുമായി ഏറ്റവും വലിയ വിപണിയാണ് യുഎസ്. അതുകൊണ്ടുതന്നെയാണ്, ട്രംപിന്റെ 50% തീരുവ ഇന്ത്യയെ സാരമായി ബാധിക്കുമെന്ന ആശങ്കയുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. ഇന്ത്യയ്ക്ക് യുഎസുമായി ഉള്ളത് വ്യാപാര സർപ്ലസ് ആണെന്ന നേട്ടവുമുണ്ട്. ഇന്ത്യയ്ക്കെതിരെ ട്രംപ് ‘തീരുവ വടി’ എടുക്കാനുള്ളൊരു കാരണവും ഇന്ത്യയ്ക്കുള്ള ഈ മുൻതൂക്കമാണ്. ഇന്ത്യയുടെ മൊത്തം ജിഡിപിയിൽ യുഎസിലേക്കുള്ള കയറ്റുമതിയുടെ പങ്ക് ഏകദേശം 2% മാത്രമാണ്. എന്നിരുന്നാലും തീരുവഭാരം മൂലം ഇന്ത്യയ്ക്ക് 7 മുതൽ 25 ബില്യൻ ഡോളർ വരെ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

ആഭ്യന്തര ഉപഭോഗം കൂട്ടുക, കയറ്റുമതി വിപണി വൈവിധ്യവൽക്കരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ താരിഫ് ഷോക്ക് മറികടക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുന്നത് ഉന്നമിട്ടാണ് കേന്ദ്ര സർക്കാർ ജിഎസ്‌ടി പരിഷ്കരണത്തിന് ഒരുങ്ങുന്നത്. ജിഎസ്‌ടി സ്ലാബിൽ നിന്ന് 12%, 28% എന്നീ സ്ലാബുകൾ ഒഴിവാക്കുന്നത് ഉപഭോക്താക്കൾക്കും കമ്പനികൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് ബിസിനസ് മേഖലയിൽനിന്നുള്ള റിപ്പോർട്ട്.

Send your news and Advertisements

You may also like

error: Content is protected !!