Tuesday, March 24, 2026
Home » ചർച്ച ആരംഭിച്ചെന്നും 5 ദിവസത്തേയ്ക്ക് ഇറാൻ്റെ ഊർജമേഖലയെ അക്രമിക്കില്ലെന്നും ട്രംപ്; ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാൻ
ട്രംപ്

ചർച്ച ആരംഭിച്ചെന്നും 5 ദിവസത്തേയ്ക്ക് ഇറാൻ്റെ ഊർജമേഖലയെ അക്രമിക്കില്ലെന്നും ട്രംപ്; ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇറാൻ

by Editor
Send your news and Advertisements

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയിട്ട് 25 ദിവസം പിന്നിടുമ്പോൾ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ ട്രംപ്. അഞ്ച് ദിവസത്തേയ്ക്ക് ഇറാൻ്റെ വൈദ്യുത നിലയങ്ങൾക്കും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. വർധിച്ചു വരുന്ന സംഘർഷത്തിന് പൂർണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചർച്ചകൾ ആരംഭിച്ചെന്നും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ വിജയത്തിന് വിധേയമായിരിക്കും തുടർന്നുള്ള നടപടികളെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി ഭരണകൂടത്തിലെ ഏറ്റവും ഉന്നതനായ ഒരു വ്യക്തിയുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ഈ ചർച്ചകൾ ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുമായല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്‍റെ നേതൃനിരയിലെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഏതാണ്ട് പൂർണ്ണമായും തങ്ങൾ തുടച്ചുനീക്കിയെന്നും, എന്നാൽ ഇപ്പോൾ ചർച്ച നടത്തുന്ന വ്യക്തി അവിടുത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ പക്ഷത്തുനിന്നും ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല.

അതേസമയം ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. അമേരിക്കയുമായി യാതൊരുവിധത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ചർച്ചകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരണം നടത്തിയിട്ടില്ല. ട്രംപ് ആക്രമണം നിർത്തിവെച്ചെങ്കിലും, ടെഹ്‌റാനിലെയും ലെബനനിലെയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ കടുത്ത വ്യോമാക്രമണം തുടരുകയാണ്. ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ തങ്ങൾ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

അതേസമയം അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാഷ്ട്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന ഇറാൻ്റെ മുന്നറിയിപ്പിന് പിന്നാലെ ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക പുറത്തു വിട്ട് ഇറാനിയൻ മാധ്യമങ്ങൾ. റവല്യൂഷണറി ഗാർഡിനോട് അടുപ്പം പുലർത്തുന്ന ഫാർസ് വാർത്താ ഏജൻസിയാണ് യുഎഇയിലെ ആണവ വൈദ്യുത നിലയം ഉൾപ്പെടെയുള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇറാൻ ജുഡീഷ്യറിയുടെ മിസാൻ വാർത്താ ഏജൻസി പട്ടിക പങ്കു വച്ചിട്ടുണ്ട്.

ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയ പരിധി തിങ്കളാഴ്‌ച അർധരാത്രിയിൽ അവസാനിക്കാനിരിക്കെയാണ് ഇറാൻ നിലപാട് കടുപ്പിക്കുന്നത്. സൗദി അറേബ്യൻ അതിർത്തിക്കടുത്തുള്ള യുഎഇയുടെ നാല് റിയാക്‌ടറുകളുള്ള ബരാക ആണവ നിലയം ഉൾപ്പെടെയാണ് ഇറാൻ്റെ പട്ടികയിലുള്ളത്. യുഎഇയിലെ വൈദ്യുതി, ജല വിതരണ സംവിധാനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഇപ്പോൾ ഇറാൻ ഉയർത്തുന്ന ഭീഷണി.

ഗൾഫ് രാജ്യങ്ങളിലെ എണ്ണ സമ്പത്ത് ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ ഇതിനോടകം ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. ഖത്തർ, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ എണ്ണപ്പാടങ്ങളും റിഫൈനറികളും ലക്ഷ്യമിട്ടായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. അബുദാബി ലക്ഷ്യമാക്കി ഞായറാഴ്‌ചയും ഇറാനിൽ നിന്നും ആക്രമണം ഉണ്ടായതായി യുഎഇ അധികൃതർ വ്യക്തമാക്കി. അബുദാബി ലക്ഷ്യമിട്ട് ഇറാനിൽ നിന്നെത്തിയ ബാലിസ്റ്റിക് മിസൈൽ പ്രതിരോധിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. മിസൈലിൻ്റെ അവശിഷ്‌ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് ഇന്ത്യക്കാരന് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

അതേസമയം യുദ്ധം പരിഹാരമാകാതെ നീളുന്നതിനാൽ ആഗോള തലത്തിൽ എണ്ണ പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തിലുള്ള താൽകാലിക വെടിനിർത്തൽ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ കരുത്തു പകരുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി

You may also like

error: Content is protected !!