വാഷിങ്ടൺ: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനിലും സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂർണമായും നിർത്തലാക്കണമെന്നും അമേരിക്ക യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുക്രെയ്‌നെ കടന്നാക്രമിക്കുന്ന റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൻ്റെ പേരിലാണ് 25 ശതമാനമായിരുന്ന ഇന്ത്യയുടെ ഇറക്കുമതി തീരുവ അമേരിക്ക 50 ശതമാനമാക്കി വർധിപ്പിച്ചത്. എന്നാൽ, ചൈനയും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ അമേരിക്കൻ നിലപാടിൻ്റെ കാപട്യം ചൂണ്ടിക്കാട്ടി ഇന്ത്യ സമ്മർദ്ദത്തിന് വഴങ്ങിയില്ല.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ഇതുവരെ യൂറോപ്യൻ രാജ്യങ്ങൾ പരസ്യമായി എതിർത്തിട്ടില്ല. ഇന്ത്യയ്‌ക്കെതിരെ ഉയർന്ന തീരുവ ചുമത്തിയ ട്രംപിൻ്റെ തീരുമാനത്തെയും യൂറോപ്യൻ രാജ്യങ്ങൾ പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ ചെയ്‌തിട്ടില്ല. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ്റെ മൗനം അമേരിക്കയിൽ നിന്നുള്ള വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ചൈനയാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത്. യൂറോപ്പും റഷ്യയിൽനിന്ന് എണ്ണ വാങ്ങിയിരുന്നു. എന്നാൽ ചൈനയെയും യൂറോപ്പിനെയും ഒഴിവാക്കി ഇന്ത്യയെ മാത്രമാണ് ട്രംപ് തീരുവ ചുമത്തി ശിക്ഷിച്ചത്. ഇത് ഇരട്ടനീതിയാണ് ഇന്ത്യ പ്രതികരിച്ചിരുന്നു.