വാഷിങ്ടൻ∙ റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ് വദേവിന്റെ പ്രകോപന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ നടപടി. ട്രംപ് ഭീഷണി നാടകം തുടരുകയാണെന്നും റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓർക്കണമെന്നും മെദ്‌വദേവ് പറഞ്ഞിരുന്നു.
വാക്കുകള്‍ പ്രധാനമാണെന്നും പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അങ്ങനെയുളള സന്ദര്‍ഭത്തിന് ഇടവരാതിരിക്കട്ടെയെന്ന് തന്‍റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചു. റഷ്യയുടെ മുന്‍ പ്രസിഡന്റ് കരുതുന്നത് അദ്ദേഹം തന്നെയാണ് ഇപ്പോഴും പ്രസിഡന്റ് എന്നാണ്. എന്നാല്‍ അദ്ദേഹം പരാജയപ്പെട്ട വ്യക്തിയാണ്. വാക്കുകള്‍ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. മെദ് വദേവ് അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും ട്രംപ് കുറിച്ചു. യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അകൽച്ചയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്.
രണ്ടാഴ്ചയ്ക്കകം യുക്രെയ്നുമായി സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയ്ക്ക് സമയപരിധി കൽപിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെദ്‍വദേവ് തിരിച്ചടിച്ചത്. പുട്ടിൻ അനുകൂലിയും നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമാണ് ദിമിത്രി മെദ്‍വദേവ്.