വാഷിങ്ടൺ: വിദേശ രാജ്യങ്ങൾക്കുമേൽ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീൽ കോടതി വിധിക്കെതിരെ ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു. തീരുവ പ്രഖ്യാപനങ്ങൾ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ നിർണായകമായ ഒരു ഭാഗമാണെന്നാണു ഹർജിയിൽ പറയുന്നത്. വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. തീരുവകളുള്ളതിനാൽ അമേരിക്ക ഒരു സമ്പന്ന രാഷ്ട്രമാണ്. അല്ലെങ്കിൽ ഇത് ഒരു ദരിദ്ര രാഷ്ട്രമാകുമെന്നും അപ്പീലിൽ പറയുന്നുണ്ട്.
അപ്പീലിൽ ഇന്ത്യക്കെതിരേ ചുമത്തിയ അധിക തീരുവയെക്കുറിച്ചും പരാമർശമുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേൽ തീരുവ ചുമത്തിയതെന്നാണ് അപ്പീലിൽ പറയുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരെ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താൽ തകർന്ന യുക്രെയ്നിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലിൽ പറയുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് ട്രംപിൻ്റെ തീരുവകൾ നിയമ വിരുദ്ധമാണെന്ന് വാഷിങ്‌ടണിലെ ഫെഡറൽ സർക്കീറ്റ് അപ്പീൽ കോടതി കണ്ടെത്തിയത്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകൾ നിയമ വിരുദ്ധമാണെന്നായിരുന്നു കോടതി വിധി. നിലവിലെ തീരുവകൾ ഒക്ടോബർ 14 വരെ തുടരാൻ കോടതി അനുവാദം നൽകിയിരുന്നു. ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് വേണ്ടിയാണ് ഈ സമയം അനുവദിച്ചത്. ഐഇഇപിഎ നിയമം തീരുവ ചുമത്താൻ പ്രസിഡന്റ്റിന് അധികാരം നൽകുന്നില്ലെന്ന് കാണിച്ച് ഡെമോക്രാറ്റുകൾ ഭരിക്കുന്ന 12 സംസ്ഥാനങ്ങൾ നൽകിയ കേസും തീരുവയ്ക്കെതിരെ അഞ്ച് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ നൽകിയ മറ്റൊരു കേസും പരിഗണിച്ചാണ് അപ്പീൽ കോടതിയുടെ വിധി.
1977-ൽ പാസാക്കിയ ഐഇഇപിഎ നിയമം ദേശീയ അടിയന്തരാവസ്ഥ സമയത്ത് വിദേശ രാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും അവരുടെ ആസ്‌തികൾ മരവിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്നും അതുപയോഗിച്ച് തീരുവകളും നികുതികളും ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.