ടെൽ അവീവ്: ഗാസയിലെ വെടിനിർത്തലിന് പിന്നാലെ ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൻ സ്വീകരണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെൽ അവിവ് ബീച്ചിൽ ‘നന്ദി ട്രംപ്’ എന്ന് ബാനർ എഴുതിയാണ് ഇസ്രയേൽ ട്രംപിന് സ്വീകരണമൊരുക്കിയത്.
തുടർന്ന് ട്രംപ് ഇസ്രയേൽ പാർലമെന്റ്റായ നെസെറ്റിനെ അഭിസംബോധന ചെയ്‌തു. നെതന്യാഹുവിനൊപ്പം നെസെറ്റിൽ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്നു കയ്യടികളോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്. ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കുന്നതിനു തൊട്ടുമുൻപ് ബന്ദികളുടെ കുടുംബങ്ങളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. മിഡിൽ ഈസ്റ്റ് എന്നന്നേക്കും സമാധാനത്തിൽ ജീവിക്കും, തീവ്രവാദവും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടെയും സമാധാനത്തിന്റെയുമാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ ഇസ്രയേലിന്‍റേയും മിഡിൽ ഈസ്റ്റിന്റെയും സുവർണ കാലമാണ് വരുന്നതെന്ന് പറഞ്ഞ ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്‍റില്‍ നെതന്യാഹുവിനെ പുകഴ്ത്തുകയും ചെയ്തു. യുദ്ധങ്ങൾ ഉണ്ടാക്കുന്നതല്ല അവസാനിപ്പിക്കുന്നതാണ് തന്റെ വ്യക്തിത്വം എന്ന് പറഞ്ഞ ട്രംപ് ഒക്ടോബർ ഏഴിലുണ്ടായ ആക്രമണത്തിൽ അമേരിക്ക ഇസ്രയേലിന് ഒപ്പം നിന്നു എന്നും വ്യക്തമാക്കി.
ഗാസ വെടിനിർത്തലിന്റെ ഭാഗമായി നിലവിൽ വന്ന സമാധാന കരാർ പ്രകാരം ബന്ദികളാക്കപ്പെട്ട 20 പേരെയും ഹമാസ് മോചിപ്പിച്ചിരുന്നു. രണ്ട് വർഷങ്ങൾ നീണ്ട ദുരിത ജീവിതത്തിന് ശേഷമാണ് ഹമാസിന്റെ തടവറയിൽ നിന്നും ഇസ്രയേലികൾ മോചിതരായത്. മോചിതരായ ഇസ്രയേലികളുടെ ചിത്രങ്ങൾ ഇസ്രേയൽ സേന പുറത്തുവിട്ടിട്ടുണ്ട്. രണ്ട്, മൂന്ന് സംഘങ്ങളായാണ് ബന്ദികളെ മോചിപ്പിച്ചത്. ബന്ദികളെ മോചിപ്പിച്ചതായി ഔദ്യോഗിക വിവരം ലഭിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങൾ ആഹ്ളാദപ്രകടനവുമായി റോഡിലിറങ്ങി. ഇസ്രയേൽ മോചിപ്പിച്ച 1700-ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്. അതേസമയം അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത മണ്ണിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ് ഗാസൻ ജനത.
ഇസ്രായേൽ സന്ദർശനത്തിനു ശേഷം ട്രംപ് ഈജിപ്റ്റിലെത്തി. ധാരണയായ ഗാസ വെടിനിർത്തൽ കരാർ ഈജിപ്റ്റിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടക്കം ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. യുഎസ്, ഈജിപ്റ്റ്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്‌ഥതയിലാണു കരാർ സാധ്യമായത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പങ്കെടുത്തില്ല. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ട ചർച്ചയ്ക്കു തുടക്കമായെന്ന് ട്രംപ് പറഞ്ഞു.
ഗാസയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്റ്റും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ആണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡൻറ് ഡോണൾഡ് ട്രംപും ഈജിപ്റ്റ് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും ഉച്ചകോടിക്ക് ക്ഷണം നല്കിയിരുന്നു. എന്നാൽ പാക്കിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിൻ നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചിരുന്നു.