Monday, September 1, 2025
Mantis Partners Sydney
Home » കവളപ്പാറ, പുത്തുമല ദുരന്തങ്ങൾളുണ്ടായിട്ടു ഇന്ന് ആറുവർഷം.
കവളപ്പാറ, പുത്തുമല ദുരന്തങ്ങൾളുണ്ടായിട്ടു ഇന്ന് ആറുവർഷം.

കവളപ്പാറ, പുത്തുമല ദുരന്തങ്ങൾളുണ്ടായിട്ടു ഇന്ന് ആറുവർഷം.

by Editor

നിലമ്പൂർ: 2019 ഓഗസ്റ്റ് 8 ന് വൈകിട്ട് ആര്‍ത്തലച്ച് പെയ്ത ഒരു മഴയിലാണ് വയനാട് പുത്തുമലയില്‍ 17 ജീവനുകള്‍ നഷ്ടമായ ദുരന്തം ഉണ്ടായത്. 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അതേ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് നിലമ്പൂരിന് അടുത്ത കവളപ്പാറയെന്ന ഗ്രാമം സാക്ഷിയായത്. കവളപ്പാറ ദുരന്തത്തിൽ പൊലിഞ്ഞത് 59 ജീവനുകളാണ്. ഉരുളെടുത്ത 59 പേരിൽ 11 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മണ്ണിനടിയിൽ നിത്യവിസ്മൃതിയിലാണ്.

ഓഗസ്റ്റ് ആദ്യ വാരം മുഴുവനും നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴത്തണുപ്പിൽ ആധിയോടെ കേരളം കിടന്നുറങ്ങിയപ്പോൾ ആഗസ്റ്റ് എട്ടിന് നിലമ്പൂരിനടുത്ത് കവളപ്പാറയിൽ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് 42 വീടുകൾ മണ്ണിനടിയിൽ പെട്ടു. മഴയിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൈദ്യുതി ലൈനുകളും മൊബൈൽ ടവറുകളും നിലം പൊത്തിയപ്പോൾ പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും നിലച്ചു. ദുരന്തം നടന്ന് 12 മണിക്കൂറോളം പുറം ലോകം ഒരു വിവരവുമറിഞ്ഞില്ല. പ്രളയത്തിൽ ഇത്രയേറെപ്പേരുടെ ജീവൻ ഒന്നിച്ചെടുത്ത ദുരന്തവും സംസ്ഥാനത്ത് ആദ്യമായിരുന്നു. ദുരന്തശേഷം ആളും അനക്കവും ഇല്ലാതായതോടെ കവളപ്പാറ മുത്തപ്പൻകുന്നിന്റെ താഴ്ഭാഗം ഇപ്പോൾ കാടുപിടിച്ച് വിജനമാണ്. മുൻപത്തെ കവളപ്പാറയെ ഓർത്തെടുക്കാനേ പ്രദേശത്തെ മുതിർന്നവർക്കുപോലും സാധ്യമാവുന്നുള്ളൂ. സേനയും, ജീവൻപണയംവെച്ച് ഓടിയെത്തിയ സന്നദ്ധപ്രവർത്തകരും 21 ദിവസം അക്ഷീണം പ്രവർത്തിച്ചിട്ടും ദുരന്തരത്തിനിരയായ മുഴുവനാളുകളുടെയും മൃതദേഹം തിരിച്ചുകിട്ടാനാവാത്ത വിധം മണ്ണിനടിയിലായിരുന്നു.

കവളപ്പാറയിലും സമീപ പ്രദേശങ്ങളിലുമായി ദുരന്തത്തിനിരയായവർക്ക് സർക്കാർ സഹായധനവിതരണം പൂർത്തിയാക്കിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവും ആണ് സർക്കാർ സഹായധനം നൽകിയത്. വിവിധ സന്നദ്ധസംഘടനകളും വ്യക്തികളും സഹായവുമായി എത്തിയതോടെ കുടുംബങ്ങൾക്കും വീടായി. ആദ്യഘട്ടത്തിൽ വേഗതകുറഞ്ഞ പുനരധിവാസത്തിന് പിന്നീട് വേഗത കൂടിയെങ്കിലും പട്ടികവർഗ വിഭാഗത്തിലെ 32 കുടുംബങ്ങൾ ഇപ്പോഴും ദുരന്തത്തിന്റെ ഇരകളായി കഴിയുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!