മെൽബൺ: ഓസ്ട്രേലിയയിലെ പ്രമുഖ ബാഡ്‌മിന്റൻ പരിശീലകനും സ്പോർട്ടീവ് ബാഡ്‌മിൻ്റൺ അക്കാദമിയുടെ സ്‌ഥാപകനുമായ ജിനു വർഗീസ്, ഓസ്ട്രേലിയൻ ദേശീയ ബാഡ്മിന്റൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തായ്‌ലൻഡിൽ സെപ്റ്റംബർ 7 മുതൽ 14 വരെ നടക്കുന്ന വേൾഡ് സീനിയർ ചാമ്പ്യൻഷിപ്പ് 2025-ൽ 35-39 വയസ്സുകാരുടെ വിഭാഗത്തിലുള്ള മെൻസ് ഡബിൾസിൽ ജിനു ഓസ്ട്രേലിയയെ പ്രതിനിധീകരിക്കും. തൃശൂർ സ്വദേശിയായ ജിനുവിനൊപ്പം ഡബിൾസിൽ മത്സരിക്കാനുള്ള പങ്കാളിയാകുന്നത് മറ്റൊരു ഇന്ത്യൻ വംശജനും ഓസ്ട്രേലിയൻ ബാഡ്മിന്റൺ താരവുമായ അങ്കൂർ ഭാട്ടിയയാണ്.
ഏഴ് വർഷം മുൻപാണ് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് ജിനു കുടിയേറിയത്, തൻ്റെ പ്രഫഷനൽ ജോലിയായ ഐടി മേഖലയോടൊപ്പം ബാഡ്‌മിൻ്റൻ പരിശീലനവും ജിനു പിന്തുടരുകയായിരുന്നു. നിലവിൽ മെൽബണിൽ അദ്ദേഹം നയിക്കുന്ന സ്പോർട്ടീവ് ബാഡ്മിന്റൺ അക്കാദമി നൂറിലധികം കുട്ടികളെയും മുതിർന്നവരെയും പരിശീലിപ്പിക്കുന്ന ഒരു പ്രശസ്ത പരിശീലന കേന്ദ്രമായി മാറിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊരട്ടി സ്വദേശിയാണ് ജിനു. ഭാര്യ എമിലി മെൽബണിൽ റജിസ്‌റ്റേർഡ് നഴ്‌സായി ജോലി ചെയ്യുന്നു. ജിനുവിൻ മക്കളായ ഈതനും നെയ്‌തനും ബാഡ്‌മിൻ്റൻ പരിശീലനം നേടുന്നുണ്ട്.