ചെന്നൈ: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ റഡാർ സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്നം മൂലമാണു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.വിമാനത്തിൽ അഞ്ച് എംപിമാർ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ.
വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിലൂടെ അറിയിച്ച. ‘ഇന്ന് രാത്രി ഞാനും എംപിമാരായ ശ്രീ കെ സി വേണുഗോപാൽ, ശ്രീ അടൂർ പ്രകാശ്, ശ്രീ കെ രാധാകൃഷ്ണൻ, ശ്രീ റോബർട്ട് ബ്രൂസ് എന്നിവർ ഉൾപ്പെടെ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കുകയും ചെയ്ത വിമാനം ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയിൽ ലാൻഡ് ചെയ്തു. വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുഖമായിരിക്കുന്നു’ എന്ന് കൊടിക്കുന്നിൽ സുരേഷ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ എത്രയും വേഗം ഒരുക്കുമെന്ന് അറിയിച്ചു.