പത്തനംതിട്ട: തിരുവല്ല മന്നംകരച്ചിറിയൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല കാരയ്ക്കൽ ശ്രീവിലാസത്തിൽ അനിൽകുമാറിൻ്റെ മകൻ എ എസ് ജയകൃഷ്ണനാണ് മരിച്ചത്. സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു അപകടം. തിരുവല്ലയിൽനിന്ന് മടങ്ങുകയായിരുന്ന ജയകൃഷ്ണനും സുഹൃത്തുക്കളും മുത്തൂർ – കാവുംഭാഗം റോഡില്‍വച്ച് എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് അപ്രോച്ച് റോഡിന് സമീപം നിന്നിരുന്ന മരത്തിലും വൈദ്യുതി പോസ്റ്റിൻ്റെ കോൺക്രീറ്റ് തൂണിലും ഇടിച്ച് രണ്ടാൾ താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു.
ഇരുട്ടിൽ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ ആണ് കയർ കെട്ടി കാർ കരയ്ക്കടുപ്പിച്ചത്. തുടർന്ന് അഗ്നിശമനസേന എത്തിയാണ് അപകടത്തിൽ പെട്ടവരെ കാറിൽനിന്ന് പുറത്തെത്തിച്ചത്. ജയകൃഷ്ണനു പുറമെ അനന്തു, ഐബി എന്നിവരും കാറിലുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഐബിയുടെ (20) നില ഗുരുതരമാണ്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മരിച്ച ജയകൃഷണൻ്റെ മൃതദേഹം തിരുവല്ല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ: സുഭദ്ര. സഹോദരി: ജയശ്രീ.