മെൽബൺ: നടി നവ്യ നായർക്ക് മുല്ലപ്പൂവ് കൈവശം വച്ചതിന് പിഴശിക്ഷ കിട്ടിയ വിവരം ആണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ വാർത്തകളിൽ ഒന്ന്. ഓസ്ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് നവ്യ നായരുടെ കയ്യിൽ നിന്ന് പിഴ ഈടാക്കിയത്. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നാണ് നവ്യ നായർ പറഞ്ഞത്. 1,980 ഡോളര്‍ (ഏകദേശം ഒന്നേകാൽ ലക്ഷത്തോളം രൂപ) ആണ് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് നവ്യയ്ക്കു ഇങ്ങനെയൊരു പിഴ ലഭിക്കാൻ കാരണമായത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓണപ്പരിപാടിയിൽ സംസാരിക്കവെ ആണ് നവ്യ നായർ അനുഭവം പങ്കുവച്ചത്.
ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉൾപ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്. രാജ്യത്തിന്റെ കാർഷികവും പ്രകൃതിദത്തവുമായ പരിസ്ഥിതി സംരക്ഷിക്കുന്നതിനായാണ് ബയോസെക്യൂരിറ്റി നിയമങ്ങൾ ഓസ്ട്രേലിയ നടപ്പാക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ ഇൻകമിങ് പാസ്ഞ്ചർ കാർഡ് (ഐപിസി) വഴി കൊണ്ടുവരുന്ന സാധനങ്ങൾ (ഡിക്ലയർ) അറിയിക്കണം. ഡിക്ലയർ ചെയ്യാത്ത പിടികൂടിയാൽ 3,300 ഓസ്ട്രേലിയൻ ഡോളർ വരെ പിഴയും നിയമനടപടിയും നേരിടേണ്ടിവരും.
നിരോധിത വസ്‌തുക്കളിൽ പൂക്കൾ, വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, ചീസ്, മാംസം, മാംസ ഉൽപന്നങ്ങൾ, തേൻ, മുട്ട, മണ്ണ്, സസ്യങ്ങളുടെ വേരുകൾ, മരുന്നുകൾ (അനുമതിയില്ലാത്തവ), ആയുധങ്ങൾ, വെടിക്കോപ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കുടി കൊണ്ടുവരാമെന്ന കാരണത്താലാണ് ഇത്തരം നിയമം വന്നത്. ഇത്തരം സൂക്ഷ്മജീവികൾ ഓസ്ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാൻ കാരണമാകുകയും തദ്ദേശീയമായ സസ്യ, ജന്തുജാലങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കർശനമായി നടപ്പാക്കുന്നത്.