ഏറ്റവും സമയദൈർഘ്യം കുറഞ്ഞതും, എന്നാൽ ആഴത്തിലുള്ള സന്ദേശം നല്കുന്നതും, ആത്മീയശുദ്ധീകരണത്തിനുള്ള അവസരവുമാണ് മൂന്ന് നോമ്പ് വഴി പരി. സഭ വിശ്വാസിസമൂഹത്തിനായി ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ദിനം നീണ്ട ഒരു തീർത്ഥയാത്രയോ യോനാ എന്ന ഗുരുവിനൊപ്പം മൂന്ന് ദിനം നീണ്ട ഒരു ഗുരുകുലവിദ്യാഭ്യാസമോ എന്ന് സങ്കല്പിച്ച് ചുവട് വയ്ക്കേണ്ട ദിനങ്ങളാണ് അവ. യോനായുടെ മൂന്ന് ദിനം നീണ്ട, മൽസ്യത്തിന്റെ ഉള്ളിലെ പരോക്ഷനിദ്ര, കർത്താവിന്റെ കുരിശുമരണത്തിന് 3 ദിവസത്തിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ജീവിതത്തിലെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങളിൽ കൂടി കടന്നുപോയാലും ദൈവത്തെ മറക്കുന്ന മനുഷ്യന്റെ പ്രതീകമായി യോനാ എന്ന പ്രവാചകൻ തന്റെ പുസ്തകത്തിന്റെ തുടക്കത്തിലും അന്ത്യത്തിലും കടന്നുവന്ന് നമ്മെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്.
മൽസ്യവും ആവണക്കും പുഴുവും അടങ്ങുന്ന പ്രകൃതി ദൈവത്തെ അക്ഷരാർഥത്തിൽ അനുസരിച്ചപ്പോൾ മനുഷ്യന്റെ പ്രതിനിധിയായ ദൈവപുരുഷൻ, “തിരഞ്ഞെടുക്കപ്പെട്ടവനും അയയ്ക്കപ്പെട്ടവനും” ആയിട്ടും അനുസരണക്കേടിന്റെയും പരാതിപറച്ചിലിന്റെയും (താൽക്കാലിക) പര്യായമായി മാറുന്നു. ഈ കൃതഘ്നത നിറഞ്ഞ തിരിഞ്ഞുനടപ്പ് – പിന്നീട് പശ്ചാത്താപവും തിരിച്ചറിവും കൊണ്ട് ഭാവിയ്ക്കായി മധുരം നിറഞ്ഞ പാഠം നമ്മെ പഠിപ്പിച്ചുവെങ്കിൽ – യോനയെ പോലെ നമ്മുടെയും ദൈനംദിനജീവിതത്തിന്റെ ഭാഗമായതിനാൽ ഈ നോമ്പ് വളരെയേറെ പ്രാധാന്യം ഏറിയത് എന്ന് മനസിലാക്കുവാൻ നമുക്ക് അവസരമൊരുക്കുകയാണ്.
ഏറ്റവും ചെറിയതായ മൂന്ന് നോമ്പും ഏറ്റവും വലിയ 50-നോമ്പും ആണ് സഭ കല്പിച്ചിരിക്കുന്ന അനുതാപത്തിന്റെ നോമ്പുകൾ. ആയതിനാൽ ഈ 2 നോമ്പുകളിലും നിർബന്ധമായും കുമ്പിട്ടു നമസ്കരിക്കണം എന്നും 40 കുമ്പിട്ട് ഉച്ചനമസ്കാരം നടത്തേണ്ടതുമാണെന്നും പിതാക്കന്മാർ നിഷ്കർഷിച്ചിട്ടുണ്ട്. ലൌകികജീവിതത്തിന്നിടയിലും പശ്ചാത്താപത്തിന്റെ ചാക്ക് പുതച്ചുകൊണ്ട്, പാപബോധത്തിന്റെ ആത്മതപനത്തിലൂടെ നോമ്പിന്റെ കൂപകളെ വരവേൽക്കുവാൻ ഏവർക്കും കഴിയട്ടെ.
ചരിത്രവീവീഥികളിലൂടെ അൽപം:
മൂന്ന് നോമ്പ് അതിപുരാതനകാലം മുതൽ നിലവിലുണ്ടെന്ന് ചിലർ അനുമാനിക്കുന്നുണ്ടെങ്കിലും സത്യം അതല്ല. AD 570-നും 580-നും ഇടയിൽ മെസൊപ്പൊട്ടേമിയൻ പ്രദേശത്ത് അതിശക്തമായ പ്ലേഗ് പടർന്നുപിടിച്ചു. സസാനിയൻ സാമ്രാജ്യത്തിലെ ജനങ്ങൾ അത് മൂലം മരിച്ചുവീണുകൊണ്ടിരുന്നു. എന്നാൽ അധികാരികൾക്ക് അതിനെ തടയാനോ പ്രതിവിധി കണ്ടുപിടിക്കാനോ കഴിയാതെ വന്നു. തലസ്ഥാനമായ സെലൂഷ്യ -സ്റ്റെസിഫോൺ, ആർബിൽ, നിനവേ, ഹക്കാൻ, ബെത്ഗോർമോ, അസൂർ തുടങ്ങിയ നഗരങ്ങളിൽ പ്ലേഗ് ബാധമൂലം അനേകർ കൊല്ലപ്പെട്ടു. ഭയചകിതരായ വിശ്വാസികൾ ഞായറാഴ്ച്ച ദൈവാലയത്തിൽ ഒരുമിച്ചുകൂടി ഈ പരീക്ഷണത്തിനെതിരായി ഉപവാസം പ്രഖ്യാപിച്ചു പ്രാർത്ഥന ആരംഭിച്ചു. ദൈവിക വെളിപാടനുസരിച്ച്, അവർ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാർത്ഥിക്കാൻ തീരുമാനിച്ചു. പ്രാർഥനയുടെ ശക്തിയാൽ മഹാമാരിയുടെ ക്രൌര്യഹസ്തങ്ങൾ പിന്നീട് അവരിലാരുടെയും നേരെ നീണ്ടില്ല. ആ നിമിഷം മുതൽ ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം
പരക്കുന്നത് അവസാനിച്ചതായി ജനം ആഹ്ളാദത്തോടെയും ആശ്വാസത്തോടെയും തിരിച്ചറിഞ്ഞു. ദൈവകൃപയുടെ വെളിപ്പാടെന്നോണം രോഗത്തിൽ നിന്ന് രക്ഷ പ്രാപിച്ചതിൽ വിശ്വാസിസമൂഹം ദൈവത്തെ മഹത്വപ്പെടുത്തി. ഇനിയൊരു രോഗബാധ ഉണ്ടാകാതിരിക്കാൻ തുടർന്നുള്ള എല്ലാ വർഷവും 3 ദിവസത്തെ നോമ്പ് ആചരിക്കാൻ നിശ്ചയിച്ചു. പേർഷ്യൻ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന മലങ്കരസഭയും ആ നോമ്പാചരണം ഉൾക്കൊളളുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് മുതൽ മലങ്കരയിൽ ഈ നോമ്പ് ആചരിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്.
മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ മധ്യതിരുവിതാംകൂർ ഓർത്തോഡോക്സ് കൺവെൻഷൻ യോനാ ദീർഘദർശിയുടെ അനുതാപം, സഹനം, തിരിച്ചുവരവ്, പ്രേക്ഷിതവേല എന്നിവയെ ഓർമ്മിപ്പിച്ചും ദീർഘദർശിയുടെ മദ്ധ്യസ്ഥത അണച്ചും മൂന്ന് നോമ്പ് ആചരിച്ചു വരുന്നു. (വിശ്വാസശോഷണത്തിനെതിരായും, വിശ്വാസികളിലെ നവീകരണഭ്രമം മുതലെടുത്ത് പരീക്ഷകന് സമാനമായ മോഹനവാഗ്ദാനങ്ങളിലൂടെ നടത്തിയ മനുഷ്യക്കടത്തിനെതിരായും, 1918-ൽ പ. സഭ ആരംഭിച്ച മദ്ധ്യ തിരുവിതാംകൂർ ഓർത്തോഡോക്സ് കൺവെൻഷൻ ഇന്നത്തെ നിലയിൽ 3 നോമ്പിനൊപ്പം നടത്തുവാൻ എടുത്ത ശ്രദ്ധേയമായ തീരുമാനങ്ങൾ ആണ് ”ഇടവകയിലും സമീപത്തും കഴിയുന്നത്ര വിശ്വാസികൾ കുടുംബമായി ഉപവാസത്തോടെ നോമ്പനുഷ്ഠിക്കണം; നോമ്പിലെ ചൊവ്വാഴ്ച ഏറ്റവും പ്രധാനമായി ആചരിക്കണം; ബുധനാഴ്ച ഉച്ചസമയത്തെ വി. കുർബ്ബാനയിൽ ഏവരും സംബന്ധിച്ച് വിശുദ്ധ കുർബ്ബാന അനുഭവിക്കണം; നോമ്പ് വീടുന്ന വ്യാഴാഴ്ച വിശുദ്ധ കുർബ്ബാനയോടെ നോമ്പ് അവസാനിക്കേണം” എന്നവ.
നോമ്പുമായി ബന്ധപ്പെട്ട നുറുങ്ങുകൾ:
വിശുദ്ധ മൂന്ന് നോമ്പും, മാർ യൗനാ നിബിയുടെ ഓർമ്മയും പ്രധാന പെരുന്നാൾ ആയി കൊണ്ടാടുന്ന മലങ്കരയിൽ ഒരു ദേവാലയമുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കുവാൻ പ്രയാസമായിരിക്കാം. എന്നാൽ അങ്ങനെ ഒരു ദേവാലയമുണ്ട്, AD 1454-ൽ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായി, എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിൻ്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന പുരാതനമായ നെച്ചൂർ സെ. തോമസ് ഓർത്തഡോക്സ് സുറിയാനി പള്ളിയാണ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം). ആറ് നൂറ്റാണ്ടുകളിൽ അധികമായി വിശുദ്ധ മൂന്ന് നോമ്പ് ആണ് നെച്ചൂർ പള്ളിയിൽ പ്രധാന പെരുന്നാൾ ആയി കൊണ്ടാടുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് ദേശത്ത് വസൂരിബാധ ഉണ്ടായപ്പോൾ ആരംഭിച്ചതാണ് മൂന്ന് നോമ്പിൽ ദേശം ചുറ്റിയുള്ള പ്രദക്ഷിണവും കറി നേർച്ചയും. മാറാവ്യാധികൾക്ക് ഔഷധമായി ഇന്നാട്ടുകാർ കരുതുന്ന കറി നേർച്ചയാണ് ആ ഇടവകയുടെ പെരുന്നാളിന്റെ ഏറ്റവും വല്യ പ്രത്യേകതയും. [പഴയ നിയമ പ്രവാചകന്മാരുടെ ഓർമ്മ, പെരുന്നാൾ ആയി അനുഷ്ഠിക്കുന്ന ക്രിസ്തീയദേവാലയങ്ങൾ ലോകത്തിൽ തന്നെ വളരെ ചുരുക്കമാണ്].
ആത്മീയദൃഢതയിലൂന്നിയ ആ സമീപനവും വിശ്വാസസംരക്ഷണമാർഗ്ഗങ്ങളും സഭയാകമാനം തുടരുവാനും അതിലൂടെ ആത്മീയശുദ്ധീകരണം പ്രാപിക്കുവാനും സഭാമക്കളുൾപ്പെടെ, മൂന്ന് നോമ്പ് പ്രാധാന്യത്തോടെ ആചരിക്കുന്ന എല്ലാ ദേശവാസികളുൾപ്പെടെ ഏവർക്കും കഴിയട്ടെ.
ജോർജിയൻ



