Saturday, April 4, 2026
Home » വെറോണി മാവിയുടെ സങ്കടങ്ങൾ
ചെറുകഥ - വെറോണി മാവിയുടെ സങ്കടങ്ങൾ

വെറോണി മാവിയുടെ സങ്കടങ്ങൾ

കഥ

by Editor
Send your news and Advertisements

ആന്റപ്പനും പെമ്പിളേം കുമ്പളങ്ങിയ്ക്കു പോയ തക്കം നോക്കി വെറോണി മാവി പുറത്തേയ്ക്കിറങ്ങി.
അഞ്ചാറുമാസം മുൻപ് വഴിയിലൊന്നു വീണു കാലൊടിഞ്ഞു.
മോറും വീർപ്പിച്ചോണ്ടാണേലും മരുമോളു നല്ലപോലെ നോക്കി…
അതിന്റെ ശേഷം ആന്റപ്പന്റ കല്പനയാണു. പുറത്തോട്ടൊന്നും പോകണ്ട…

കടപ്പുറത്തു കുറച്ചു ദൂരെയാണു മാവിയുടെ ആങ്ങളമാരും ബന്ധുക്കളുമൊക്കെ താമസിയ്ക്കുന്നതു.
കടപ്പുറത്തു ആളും ബഹളവുമൊന്നുമില്ല.
കാലത്തു പോയ വള്ളങ്ങളൊക്കെ തിരികെ വരണം.
ആളും ബഹളവും അപ്പക്കാണാം.
കടപ്പുറത്തു ഉണക്കാനിട്ട ചാള മണലു കൊടഞ്ഞു കൊട്ടേലടുക്കുന്ന തിരക്കിലാണു ക്ലാര.
മുഖവുരയൊന്നും കൂടാതെ മാവി പറഞ്ഞു തുടങ്ങി.
വയനാട്ടിന്നു നുമ്മടെ ക്ലീറ്റോ മുതലാളി വന്നിട്ടൊണ്ടു… കൊച്ചു പറമ്പിലെ ജെയിമീസ് കണ്ടെന്നു പറഞ്ഞു… കാറേ വന്നിറങ്ങി. അടുത്തു ചെന്നവർക്കെല്ലാം നൂറും ഇരുനൂറും കൊടുത്തു നാട്ടുകാർക്കൊപ്പം ചായ കുടിച്ചു വിശേഷങ്ങളൊക്കെപ്പറഞ്ഞു തിരിച്ചു പോയി.”

ക്ലാര തല ഉയർത്താതെ തന്നെ മറുപടി പറഞ്ഞു “അതിനു നുമ്മക്കു എന്നാഗൊണം? അല്ലേ മാവീ നിങ്ങ ചെല്ല് എനിയ്ക്കുനേരമില്ല… എന്റെ കെട്ട്യോനെങ്ങാനും അറിഞ്ഞാപ്പിന്നെ അതുമതി രണ്ടടി കൂടുതലു തരാൻ കാരണം നോക്കി നടക്കുവാ അയ്യാളു. നിങ്ങ പോയേ മാവീ ഞാനീ ചാള പെറുക്കട്ടന്ന്…” മാവി തുടങ്ങിയാപ്പിന്നെ നിർത്തില്ലെന്നു ക്ലാരയ്ക്കറിയാം…

ക്ലാരയുടെ മുഖത്തടിച്ച പോലുള്ള മറുപടി കേട്ട് വെറോണി മാവിയ്ക്കു കോപം ഇരച്ചു വന്നെങ്കിലും അവർ അതു അടക്കി. ഉള്ളിൽപ്പറഞ്ഞു “അവക്കടെ ഒരൊണക്കച്ചാളേം കെട്യോനും… എന്റ വല്യമ്മേടെ കൂട്ടത്തിലുള്ളതാ എന്നിട്ടാ ആ വർക്കത്തില്ലാത്തവളു പൊരേക്കേറി ഒന്നിരിയ്ക്കാൻ പോലും പറയാതെ….”
അപമാനിതയായതിൽ വല്ലാത്ത സങ്കടം തോന്നി… പ്രായമായവരോടു സ്നേഹോം ബഹുമാനോം ഇല്ലാത്ത കാലം… മക്കൾ പോലും ചിലപ്പോൾ… ഉള്ളിലെ നീറ്റൽ സഹിക്കാൻ പറ്റണില്ലല്ലോ പുണ്യാളാ…..

അല്ലെങ്കിലും ഡിസംബർ മാസം വെറോണി മാവിയ്ക്കു സങ്കടങ്ങളുടെ ഓർമ്മകളുണരുന്ന മാസമാണു… ഒരു ഡിസംബർ മാസത്തിലാണു ആന്റപ്പന്റപ്പൻ… മൂന്നു മക്കളേം തന്നേം തനിച്ചാക്കിപ്പോയതു.. ആംബ്രോസു മുതലാളീടെ കടയിലെ ജോലിയ്ക്കു പോയ ആൾ… വൈകുന്നേരം വെള്ള പുതച്ചു ആംബുലൻസിലെത്തി….

കൊച്ചിലേം മട്ടാഞ്ചേരീലേം നേവി ഉദ്യോഗസ്ഥരുടെ യൂണിഫോമും മറ്റു തുണികളുമൊക്കെ അലക്കിത്തേച്ചു കൊടുക്കുന്ന കടയാണ്, ആംബ്രോസുമുതലാളിയുടെ കൂടെ തീരെച്ചെറുപ്പത്തിലേ കൂടിയതാണു…. തന്റെയപ്പനും അവിടെ ജോലിയായിരുന്നു…. ആ പഴയ കാര്യങ്ങളെല്ലാം വെറോണി മാവിയുടെ ഉള്ളു പൊള്ളിച്ചു കൊണ്ടു് എന്നും കൂടെയുണ്ടു്…. ഒരു വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ അപ്പന്റെ കൂടെ പരിചയമില്ലാത്ത ഒരാളെക്കണ്ടു അമ്മയും താനും കതകിനു മറഞ്ഞു നിന്നു….പിന്നെ അപ്പൻ വാത്സല്യം മുഴുവൻ കലർത്തി ഒരു വിളി…. “വെറോണിയേ… അപ്പന്റ മകാളിങ്ങുവന്നേ…”

അകത്തേയ്ക്കു അമ്മയ്ക്കു ഒരു നോട്ടമയച്ചു. അതിന്റർത്ഥം അമ്മയ്ക്കു മനസ്സിലായി. ഓടി പോയി ചായയിട്ടു… അപ്പന്റെയരികിലിരിക്കുന്ന ആളെ ചൂണ്ടി അപ്പൻ പറഞ്ഞു… “ഇതു സേവ്യറു… ഞങ്ങ സേവിച്ചാന്നു വിളിക്കും….”
തല പൊക്കി നോക്കാൻ പോലുമാവാതെ അപ്പന്റടുത്തു നിന്നു.

അതൊരു പെണ്ണുകാണലാണെന്നു പിന്നെ അപ്പൻ അമ്മയോടു സ്വരം താഴ്ത്തി പറയുന്നതു കേട്ടപ്പം തനിയ്ക്കു മനസ്സിലായി… അമ്മ കരയുകയും എന്തൊക്കെയോ പറഞ്ഞു വഴക്കുണ്ടാക്കുകയും ചെയ്തു… അപ്പന്റെ ശബ്ദം ഉയർന്നാൽപ്പിന്നെ അമ്മ മിണ്ടില്ല… രാത്രി തന്നെയും കെട്ടിപ്പിടിച്ചു കിടന്നു അമ്മ കരഞ്ഞു… ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു… വീടെവിടെ? അപ്പനോ അമ്മയോ സഹോദരങ്ങളോ വല്ലവരും ഉണ്ടോ? എന്തു ജാതിയാണോ….. ക്രിസ്ത്യാനിയാണെന്നു പറയുന്നു….

കടലീപ്പോണവനു ഞാൻ പെണ്ണു കൊടുക്കുവേല, ഇവനു സ്ഥിരമായ ജോലിയുണ്ടു… തണ്ടും തടിമുണ്ടു. നല്ല സ്വഭാവം. എന്റെ മകളെയവൻ പൊന്നുപോലെ നോക്കും… അപ്പനും അപ്പുറത്തെ മുറിയിൽക്കിടന്നു ആരോടോ പറയുമ്പോലെ പറഞ്ഞു കിടന്നു ഉറങ്ങിപ്പോയി…

രണ്ടു മൂന്നു ദിവസത്തേയ്ക്കു അമ്മ മിണ്ടാതേം പറയാതേം നടന്നു. പിന്നെ എല്ലാം അപ്പന്റിഷ്ടം പോലെ നടന്നു. മനസ്സമ്മതവും കല്യാണവും എല്ലാം രണ്ടാഴ്ചക്കുള്ളിൽ നടന്നു…. അഞ്ചാറു ദിവസം അപ്പന്റേം അമ്മേടേം കൂടെ നിന്നു. പിന്നെ അലക്ക കമ്പനിയുടെ അടുത്തുള്ള ചെറിയ വാടക വീട്ടിൽത്താമസം തുടങ്ങി. കട്ടിലോ മേശയോ തുണികളോ പാത്രങ്ങളോ ഒന്നുമാവശ്യത്തിനില്ലാതെയുള്ള ഒരു ജീവിതം… അപ്പൻ സേവിച്ചന്റെകൂടെ എന്നും വീട്ടിൽ വരും.. ചായ കുടിയ്ക്കും വർത്തമാനം പറയും…പിന്നെ പിള്ളേരായപ്പം അവരേം കളിപ്പിച്ചു ഏറെ നേരമിരിക്കും….

മൂത്തവൻ ജോസൂട്ടി പിന്നെ ആന്റണി – ആന്റപ്പൻ… ഒടുവിലായ് റാണി മോളും പിറന്നു…. താൻ ഒരിക്കൽപ്പോലും സേവിച്ചനോട് വീട്ടുകാരെക്കുറിച്ചു ചോദിച്ചില്ല. വെറോണി മാവി ഒരു ഞെട്ടലോടെ ഓർക്കാറുണ്ടു്. ചോദിയ്ക്കണമായിരുന്നു…… അപ്പനേം അമ്മേം മറന്ന മകനായിരുന്നോ സേവിച്ചൻ?…

എല്ലാവരും മറന്നു പോയ ഒരാളുണ്ട്. തന്റെ മൂത്ത മകൻ ജോസൂട്ടി… വള്ളിനിക്കറിട്ട് എല്ലുകളുന്തിയ ഒരു പന്ത്രണ്ടു വയസ്സുകാരന്റെ ഓർമ്മ ഇടയ്ക്കിടെ തന്റെ മനസ്സിനെ പൊള്ളിച്ചു കൊണ്ടു കടന്നുവരും. തിരിഞ്ഞു തിരിഞ്ഞു നോക്കി.. ജീപ്പിൽക്കയറി തല കുനിച്ചിരിക്കുന്ന തന്റെ മകന്റെ രൂപം… ജീപ്പ് ഓടിയകലുമ്പോൾ തിരിഞ്ഞു നോക്കിയ അവന്റെ കണ്ണുകളിലെ ഭീതി… അവൻ കരഞ്ഞില്ല അതാണു തന്നെ തളർത്തിക്കളഞ്ഞതു… നിസഹായയായി നോക്കി നിന്നതു എത്ര നേരമെന്നറിയില്ല….

ക്ലീറ്റോ വയനാട്ടിലെ ഫോറസ്റ്റ് ഓഫീസറാണു… പലരേയും കൊണ്ടുപോയി രക്ഷപെടുത്തിയിട്ടുണ്ടു. പണിതേടിപ്പോയ അവരെല്ലാം പലപ്പോഴായി നാട്ടിൽ തിരിച്ചെത്തി പലരും പണക്കാരായി… വീണ്ടും പോയി, മടങ്ങിവന്നു… പക്ഷേ തന്റെ ജോസൂട്ടി മാത്രം മടങ്ങിവന്നില്ല… ക്ലീറ്റോ മുതലാളി വന്നൂന്നറിഞ്ഞാൽ വെറോണി മാവി ഓടിക്കിതച്ചെത്തും. ഇത്തവണ ജോസൂട്ടി കാണും..

അങ്ങനെ എത്രയെത്ര വർഷങ്ങൾ…? ഒരിക്കലവന്റെ കാര്യം ചോദിച്ചപ്പോൾ ക്ലീറ്റോ വല്ലാതെ ദേഷ്യപ്പെട്ടു…. അവൻ നന്ദികെട്ടവൻ… തിന്നു കൊഴുത്തപ്പം എന്നോടു പറയാതെ അവൻ വേറൊരാളുടെ കൂടെ പണിയ്ക്കുപോയി… … തിരിച്ചു വീട്ടിലെത്തി ഒത്തിരി നേരം കരഞ്ഞു…

ആന്റപ്പന്റെ പെമ്പിളയ്ക്കാണെങ്കിൽ ജോസൂട്ടി എന്ന പേരു പോലും കേട്ടു കൂടാ. കലിയിളകുമവൾക്ക്…. അമ്മേം സഹോദരങ്ങളേം വേണ്ടാത്ത അയാക്കെടെ കാര്യം ഈ വീട്ടിലിനി പറയരുത്…. വെറോണി മാവിയുടെ മനസ്സിലൂടെ കൊള്ളിയാൻ പോലെ ഒരു ചോദ്യമുയർന്നു…. അവനും ഭാര്യയും മക്കളും ഉണ്ടാവില്ലേ? അവന്റെ ഭാര്യയും തന്നെപ്പോലെ ചോദിയ്ക്കേണ്ടതൊന്നും ചോദിച്ചു കാണില്ല…. സന്ദേഹങ്ങൾ ഉള്ളിലൊതുക്കി അവളും എവിടെയോ തന്റെ മകനോടൊപ്പം…..

അന്നാ പോൾ

You may also like

error: Content is protected !!