Home » ഉരലിന്റെ താളം
ഉരലിന്റെ താളം

ഉരലിന്റെ താളം

by Editor
Send your news and Advertisements

കാറ്റിന് ഉരൽ പോലും ഉയർത്താൻ കഴിയുന്നുവെങ്കിൽ, ഉലക്ക മാത്രം നിലത്ത് പിടിച്ചു നിൽക്കും എന്ന് നീ ശരിക്കും വിശ്വസിക്കുമോ? ഈ ചോദ്യം ഞാൻ ആദ്യം കേട്ടത് വാക്കുകളിലല്ല, ഒരു ശബ്ദത്തിലായിരുന്നു.
ആഫ്രിക്കയിലെ ഒരു ചെറുവീട്ടിൽ, പുലർച്ചെ പൊട്ടുന്ന വെളിച്ചത്തിനൊപ്പം ഉയർന്ന ഒരു താളത്തിൽ.
ഉരലിൽ ഉലക്ക വീഴുന്ന ശബ്ദം.
അത് വെറും അടുക്കളയിലെ ഒരു ജോലിയുടെ തുടക്കം മാത്രമല്ലായിരുന്നു
ഒരു ദിവസത്തിന്റെ ജനനം പോലെ.

ഞാൻ അവിടെ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ, അത് എനിക്ക് ഒരു അലാറമല്ലായിരുന്നു… ഒരു വിളിയായിരുന്നു.
ആരും വിളിക്കാതെ തന്നെ, ആ ശബ്ദം എന്നെ ഉണർത്തും.
നിനക്കും അങ്ങനെ തോന്നിയിട്ടില്ലേ?
ഒരു ചെറിയ ശബ്ദം…
“ഇവിടെ ഒരു വീട് ഉണർന്നിരിക്കുന്നു” എന്ന് പറയുന്ന ഒരു നിശ്ശബ്ദ പ്രഖ്യാപനം പോലെ.

ആ ശബ്ദം ഞാൻ കേൾക്കാൻ തുടങ്ങി… പിന്നീട്, ഞാൻ അത് ശ്രദ്ധിക്കാൻ തുടങ്ങി.
അപ്പോൾ ആണ് മനസ്സിലായത്, ഒരു ഉലക്ക ഒരു ഉരലിൽ പതിക്കുമ്പോൾ, അത് അവിടെ ഒതുങ്ങുന്നില്ല.
അത് ഒരു താളം സൃഷ്ടിക്കുന്നു. ആ താളം ചുറ്റുമുള്ള എല്ലാറ്റിലേക്കും പടരുന്നു.
വായുവിലേക്കും… മണ്ണിലേക്കും… അവിടെ ജീവിക്കുന്നവരുടെ മനസ്സിലേക്കും.
അപ്പോൾ എനിക്ക് തോന്നി, ജീവിതവും അതുപോലെ തന്നെയല്ലേ?

നീയും ഞാനും ചെയ്യുന്ന ചെറിയ കാര്യങ്ങൾ, ഒരു നിമിഷത്തിന്റെ പരിധിയിൽ ഒതുങ്ങുന്നില്ല.
അവ പടരുന്നു. കാണാൻ പറ്റാത്ത തരത്തിൽ. പക്ഷേ, മാറ്റാൻ കഴിയുന്ന ശക്തിയോടെ.

ആഫ്രിക്കയിൽ ഞാൻ കണ്ട ആളുകൾക്ക് ഒരു സ്വഭാവമുണ്ട്. അവർ പെട്ടെന്ന് തീരുമാനമെടുക്കുന്നില്ല.
വിത്ത് വിതയ്ക്കുന്നതിന് മുമ്പ്, അവർ ആകാശം നോക്കും.
യാത്ര തുടങ്ങുന്നതിന് മുമ്പ്, കാറ്റിന്റെ ദിശ മനസ്സിലാക്കും.
കാരണം അവർക്ക് അറിയാം, ഒരു ചെറിയ മാറ്റം പോലും പിന്നീട് ഒരു ജീവിതത്തിന്റെ വഴിതിരിവായി മാറാം.

നമ്മളും അങ്ങനെ തന്നെയല്ലേ?
ജീവിതത്തിൽ പലപ്പോഴും, “ഇത് ഒന്നുമല്ല” എന്ന് പറഞ്ഞ് ചെറിയ കാര്യങ്ങളെ ഞാൻ അവഗണിച്ചിട്ടുണ്ട്.
ഒരു വാക്ക് പറയാതിരുന്നത്… ഒരു സത്യത്തെ നേരിടാതിരുന്നത്… ഒരു മൗനം തിരഞ്ഞെടുത്തത്…
അന്ന് അവ ചെറുതായിരുന്നു.

പക്ഷേ സമയം കടന്നുപോയപ്പോൾ, അവ തന്നെ എന്റെ മുന്നിൽ വലുതായി നിൽക്കുന്നത് ഞാൻ കണ്ടു.
അപ്പോൾ ഞാൻ മനസ്സിലാക്കി, ചെറുതായി തുടങ്ങുന്നതെല്ലാം ചെറുതായി തന്നെ അവസാനിക്കണമെന്നില്ല.
പക്ഷേ ജീവിതം എന്നെ ഒരു കൂടുതൽ ശാന്തമായ സത്യം കൂടി പഠിപ്പിച്ചു.

മാറ്റങ്ങൾ എല്ലായ്പ്പോഴും വലിയ ശബ്ദത്തോടെ വരില്ല.
ഒരു ദിവസം, ആരോടും പറയാതെ, ഒരു പ്രഖ്യാപനവുമില്ലാതെ, ഞാൻ തന്നെ മാറാൻ തീരുമാനിച്ച ഒരു നിമിഷമുണ്ടായിരുന്നു.
വെറും ഒരു ചിന്ത മാത്രം, “ഇനി ഇതുപോലെ അല്ല.”
ആ ചിന്ത ചെറുതായിരുന്നു.
പക്ഷേ അതിന്റെ പ്രതിധ്വനി എന്റെ ഉള്ളിൽ മാത്രം ഒതുങ്ങിയില്ല.

ഞാൻ ശാന്തനാകാൻ ശ്രമിച്ചപ്പോൾ, എന്റെ ചുറ്റുമുള്ള ലോകം അല്പം മന്ദമായി.
ഞാൻ ഉറച്ച് നിൽക്കുമ്പോൾ, എന്നെ നോക്കുന്നവർക്കും ധൈര്യം വന്നു.
ഞാൻ മാറിയപ്പോൾ, അതിന്റെ സ്വാധീനം എന്റെ ജീവിതത്തിൽ മാത്രം ഒതുങ്ങിയില്ല.
നിനക്കും ഇങ്ങനെ തോന്നിയിട്ടില്ലേ?

നമ്മൾ മാറുമ്പോൾ, ലോകം മുഴുവൻ മാറുന്നില്ലെങ്കിലും, നമ്മൾ ജീവിക്കുന്ന ലോകം മാറുന്നു.
അപ്പോൾ ആണ് എനിക്ക് വ്യക്തമായി തോന്നിയത്—കാറ്റ് വന്നാൽ എല്ലാം പറക്കും എന്നല്ല സത്യം.

ചിലപ്പോൾ… നീയും ഞാനും തന്നെ, കാറ്റിന്റെ ദിശ മാറ്റുന്ന ഒരു ചെറിയ കല്ലായി മാറും.

ഇന്ന്, ഉരലിന്റെയും ഉലക്കയുടെയും ശബ്ദം കേൾക്കുമ്പോൾ, അത് എനിക്ക് ഭക്ഷണത്തിന്റെ ഓർമ്മ മാത്രം അല്ല. അത് ഒരു ഓർമ്മപ്പെടുത്തലാണ്, ഒരു ചലനം ആരംഭിക്കുമ്പോൾ, അത് എവിടെയേക്ക് പോകും എന്ന് നമുക്ക് അറിയില്ല.

പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഒരു താളം പിറന്നാൽ, അത് ഒരാളിൽ ഒതുങ്ങാറില്ല. ഇത് എന്റെ അനുഭവമാണ്.

പക്ഷേ നീ ഇത് വായിച്ചു തീർക്കുമ്പോൾ, ഇത് നിന്റെ അനുഭവവുമാകാം.
കാരണം, നമ്മളെല്ലാവരും ഒരിക്കൽ എങ്കിലും അറിയാതെ തന്നെ ഒരു താളം ആരംഭിച്ചവരാണ്.

ഒരിക്കൽ, വളരെ ചെറുതായി തുടങ്ങിയ ഒരു നിമിഷം… നിന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിയിട്ടില്ലേ?

ലീലാമ്മ തോമസ്, ബോട്സ്വാന

You may also like

error: Content is protected !!