സിഡ്‌നി പെൻറിത്ത് വള്ളം കളി മത്സരത്തിൽ ആവേശത്തുഴയെറിയാൻ തയാറെടുത്ത് മലയാളി അത്ലീറ്റുകളുടെ മിന്നൽ റേസിങ് ടീം (എംആർടി). ഓഗസ്‌റ്റ് 2-ന് പെൻറിത്തിലെ സിഡ്‌നി ഇന്റർനാഷനൽ റെഗാട്ട സെൻ്ററിലാണ് മത്സര വള്ളംകളി. കേരളത്തിന്റെ പരമ്പരാഗത ജലോത്സവമായ വള്ളംകളിയുടെ തനിമ ചോരാതെ ഓളപരപ്പിൽ ആവേശം നിറയ്ക്കാനുള്ള അവസാന വട്ട പരിശീലന തിരക്കിലാണ് മിന്നൽ റേസിങ് ടീം. പടിഞ്ഞാറൻ സിഡ്‌നിയുടെ മണ്ണിൽ കേരളത്തിന്റെ ജലോത്സവത്തിന്റെ പെരുമ ഉയർത്തിക്കാട്ടുകയാണ് എംആർടിയുടെ ലക്ഷ്യം.
തയാറെടുപ്പുകളുടെ അവസാന ആഴ്‌ചയിലേക്കാണ് ടീം പ്രവേശിക്കുന്നത്. ഏകോപനം, പരിശീലനം, ഫിനിഷിങ് പോയിന്റിലേക്കുള്ള കൃത്യതയാർന്ന സമയം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നിയുള്ള തയാറെടുപ്പുകളിലാണ് സംഘം. പെൻറിത്ത് വള്ളംകളിയിൽ ചാംപ്യൻപട്ടം നേടാനുള്ള ലക്ഷ്യത്തിലാണ് സംഘം. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ നടന്ന നെഹ്രു ട്രോഫി വള്ളംകളിയിൽ ജേതാക്കളായിരുന്നു മിന്നൽ റേസിങ് ടീം.
കേരളത്തിലേത് പോലെ തന്നെ അലങ്കരിച്ച കളിവള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും വഞ്ചിപ്പാട്ടുമെല്ലാമായി കേരളത്തനിമയിൽ തന്നെയാണ് പെൻറിത്ത് വള്ളം കളി സംഘടിപ്പിക്കുന്നത്. ട്രാക്കിൽ മത്സരതുഴച്ചിൽ നടത്തുമ്പോൾ തീരത്ത് കൊട്ടും പാട്ടും താളവുമായി കളിയാവേശം നിറയ്ക്കാൻ സിഡ്‌നിയിലെ മലയാളികൾ ഒന്നടങ്കമെത്തും. സാംസ്ക്കാരിക ആഘോഷങ്ങളും വള്ളംകളി മത്സരത്തിന് അകമ്പടിയാകും, ജലമേളയുടെ ഉത്സവപറമ്പാക്കി പെൻറിത്തിനെ മാറ്റാനൊരുങ്ങുകയാണ് സംഘാടകർ.