ന്യൂഡൽഹി: 62 വർഷത്തെ നീണ്ട ദൗത്യം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം വിരമിക്കലിനൊരുങ്ങുന്നു. സെപ്റ്റംബർ 26-നാണ് മിഗ് 21 വിരമിക്കലിന് തയാറെടുക്കുന്നത്. എയർചീഫ് മാർഷൽ എ പി സിംഗായിരിക്കും അവസാനമായി മിഗ് 21 യുദ്ധവിമാനം പറത്തുക. ഛണ്ഡീഗഢ് വ്യോമതാവളത്തിൽ വച്ചാണ് വിടവാങ്ങൽ ചടങ്ങ് നടക്കുന്നത്. വ്യോമസേനയിൽ ഇപ്പോൾ അവശേഷിക്കുന്ന 2 മിഗ് 21 സ്ക്വാഡ്രനുകളും ഇതോടെ ചരിത്രമാകും. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം.
1960-ൽ സർവീസിൽ ഉൾപ്പെടുത്തിയ റഷ്യൻ യുദ്ധവിമാനം ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായാണ് പ്രവർത്തിക്കുന്നത്. ഭാരതത്തിൻ്റെ പ്രതിരോധ മേഖലയുടെ ശക്തി പ്രകടമാക്കുന്നതിന് മിഗ് 21 നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1965-ലെയും 1971-ലെയും ഇന്ത്യ-പാക് യുദ്ധങ്ങൾ, കാർഗിൽ സംഘർഷം, 2019-ലെ ബാലകോട്ട് വ്യോമാക്രമണങ്ങൾ എന്നിവയുൾപ്പെടെ വിവിധ നിർണായക ദൗത്യങ്ങളിലും മിഗ് 21 പ്രധാന പങ്കുവഹിച്ചു.
അമേരിക്കൻ യു-2 നിരീക്ഷണ വിമാനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് സോവിയറ്റ് യൂണിയൻ മിഗ് -21 വിമാനങ്ങൾ രൂപകൽപന ചെയ്തത്. 1963 ലാണ് ഹൈ ആൾട്ടിറ്റിയൂഡ് ഇന്റർസെപ്റ്റർ എന്ന നിലയിൽ ഇന്ത്യൻ വ്യോമസേന ആദ്യമായി മിഗ്-21 യുദ്ധവിമാനങ്ങൾ സൈന്യത്തിന്റെ ഭാഗമാക്കിയത്. പിന്നീട് ഇതിൻ്റെ വിവിധ പതിപ്പുകൾ വ്യോമസേനയിലെത്തി. കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി 850 മിഗ്-21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേന പറത്തിയിട്ടുണ്ട്. അപകടങ്ങളിൽ 300 ഓളം ജീവനുകൾ പൊലിഞ്ഞിട്ടുള്ള ഈ വിമാനം ‘ഫ്ലയിങ് കോഫിൻ’ എന്ന പേരിലും വിളിക്കപ്പെടുന്നു.
1980 കളിലാണ് മിഗ് വിമാനങ്ങൾക്ക് പകരമായി എൽസിഎ ഉപയോഗിക്കാൻ തീരുമാനിച്ചത്. എന്നാൽ ദശാബ്ദങ്ങൾ വൈകിയാണ് ഇന്ത്യ തദ്ദേശീയമായി തേജസ് വിമാനങ്ങൾ തയ്യാറായത്. ഇപ്പോൾ ആദ്യ തേജസ് വിമാനങ്ങളിൽ 40 എണ്ണം വ്യോമസേനയുടെ ഭാഗമായുണ്ട്. 2016-ലാണ് തേജസ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിതുടങ്ങിയത്.