ശശി തരൂർ എം.പിയെ സി.പി.എമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി. മാധ്യമങ്ങൾ പരദൂഷണം പറയുന്നത് നിർത്തണം. വിദേശ യാത്രകൾക്കിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടത്. ലാവോസിൽ നിന്നുള്ള വിമാനയാത്രക്കിടെയാണ് എം.എ യൂസഫലി ശശി തരൂരുമായി ചർച്ചനടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശ്രദ്ധിച്ചത്.
ശശി തരൂർ ആറുമാസം മുമ്പ് എന്റെ വീടിൽ വന്നിരുന്നു. എന്നാൽ ഇപ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടേയില്ല. അതുകൊണ്ട് അനാവശ്യ ഗോസിപ്പുകൾ മാധ്യമങ്ങൾ ചെയ്യരുത്. നാട്ടിൽ നിന്നായാലും മാധ്യമങ്ങൾ ചെയ്തത് ആവശ്യമില്ലാത്തതാണ്. സത്യം അന്വേഷിക്കലാണ് മാധ്യമ പ്രവർത്തകൻ ആദ്യം ചെയ്യേണ്ടത്. അതിൽ സത്യമുണ്ടെങ്കിൽ മാത്രമേ അതു പ്രക്ഷേപണം ചെയ്യാൻ പാടുള്ളു. അതുകൊണ്ട് അവർ അതു ശ്രദ്ധിക്കണമെന്നും യൂസഫലി പറഞ്ഞു.
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക ചായ്‌വില്ല. മുഖ്യമന്ത്രിയെ ആശംസിച്ചു എന്ന പറയുന്നതിൽ രാഷ്ട്രീയമില്ല. ജയവും തോൽവിയും ജനമാണല്ലോ തീരുമാനിക്കേണ്ടത്. ആശംസ പറയുന്നതിൽ ബുദ്ധിമുട്ടില്ലല്ലോയെന്നും യൂസഫലി മാധ്യമങ്ങളോടു പറഞ്ഞു. സി.പി.എമ്മിലേക്ക് പോകാൻ ശശി തരൂർ വ്യവസായിയുമായി ചർച്ചനടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.
യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ എം.പിയെ ഒപ്പം നിർത്താൻ സി.പി.എം നീക്കങ്ങൾ നടത്തുന്നു എന്ന രീതിയലാണ് വാർത്ത പ്രചരിച്ചത്. ദുബൈയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ദുബൈയിൽ എത്തിയതെന്നും സി.പി.എമ്മിലേക്ക് ചേക്കേറുകയാണെന്ന പ്രചാരണങ്ങളോട് വിദേശത്തു നിന്ന് പ്രതികരിക്കാനില്ലെന്നുമായിരുന്നു വാർത്തകളോട് ശശി തരൂരിന്റെ പ്രതികരണം.
ദുബായിലെ ചർച്ച മാധ്യമ സൃഷ്‌ടിയാണെന്ന് തരൂർ; പറയാനുള്ള വിഷയങ്ങളൊക്കെ പാർട്ടി നേതൃത്വത്തോട് പറയും.



