Saturday, November 29, 2025
Mantis Partners Sydney
Home » കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് മുഖ്യമന്ത്രി; ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു.
കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് മുഖ്യമന്ത്രി; ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു.

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് മുഖ്യമന്ത്രി; ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു.

by Editor

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതു പ്രഖ്യാപനം നടക്കുക.

ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്‌നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് ഈ പ്രഖ്യാപനം നടത്തുന്ന വേളയിൽ ഈ സഭയിൽ ഇരിക്കാൻ കഴിയുന്നു എന്നത് മുഴുവൻ നിയമസഭാ അംഗങ്ങൾക്കും അഭിമാനകരമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്ര പ്രധാനമായ ഒരു കാര്യമായതുകൊണ്ടാണ് നിയമസഭാ നടപടിക്രമത്തിലൂടെ ഇത് പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളിൽ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സർക്കാർ തുടങ്ങിയത്. സർവേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4445 പേർ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയിൽപ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിർത്തി. ഇവരുൾപ്പെട്ട 4723 കുടുംബങ്ങളെ പട്ടികയിൽനിന്ന് താത്കാലികമായി ഒഴിവാക്കി. ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്.

കേരളം അതിദാരിദ്ര്യമുക്തം ആണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങൾ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേർന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. കേരളപ്പിറവി ദിനത്തിൽ കേരളം കൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്നായിരുന്നു ഇതിനോട് മന്ത്രി എം.ബി രാജേഷിൻ്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പിആര്‍ ആണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ പൊള്ളത്തരം പ്രതിപക്ഷം തുറന്നുകാട്ടുമെന്നും നിയമസഭാ സമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്നും കേരളം പുറത്താകാന്‍ ഇടയാക്കുമെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ദരിദ്രരില്‍ അതിദരിദ്രരെ തീരുമാനിച്ച് കേന്ദ്രം എഎവൈ പ്രകാരമുള്ള 5,95,000 കാര്‍ഡുകള്‍ ഇവിടെ വിതരണം ചെയ്തുവെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. ആ കാര്‍ഡുകള്‍ അനുസരിച്ച് 5,95,000 അതിദരിദ്രര്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ പട്ടിണികൊണ്ട് മരിച്ചുവെന്നാണ് ഇന്നത്തെ വാര്‍ത്ത. അവര്‍ ഈ പട്ടികയില്‍പ്പെട്ടിട്ടില്ലേ എന്നും വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വെട്ടിപ്പും പച്ച നുണകളുടെ സമാഹരണവുമാണ്. കേരളത്തില്‍ നാലരലക്ഷം പരമദരിദ്രര്‍ ഉണ്ടെന്നാണ് പ്രകടനപത്രികയില്‍ പറഞ്ഞത്. സുപ്രഭാതത്തില്‍ അതെങ്ങനെ 64,000 പേരായി എന്നും വി ഡി സതീശന്‍ ചോദിച്ചു.

Send your news and Advertisements

You may also like

error: Content is protected !!