ബ്രിസ്ബേൻ: മലയാളി സമൂഹം കേരളത്തനിമയുടെ പഴമയ്ക്ക് നിറം ചാർത്തി മേളങ്ങൾക്കൊപ്പം ഇനി ശിങ്കാരിമേളവും. മാമലകൾക്ക് അപ്പുറത്തുനിന്ന് നീലാകാശ വീഥിയിലൂടെ കടലുകൾ താണ്ടി ക്യൂൻസ്ലാൻഡിലെത്തിയ കുറച്ചു ചെറുപ്പക്കാർ ചേർന്നു രൂപം കൊടുത്ത ബ്രിസ്‌ബേൻ ബീറ്റ്‌സ് ചെണ്ടമേളത്തിന്റെ, ശിങ്കാരിമേളത്തിന്റെ വർണ്ണശബളമായ അരങ്ങേറ്റം സെപ്റ്റംബർ പതിമൂന്നാം തീയതി ബ്രിസ്ബനിൽ നടത്തി. ആലപ്പുഴ സ്വദേശികളായ രതീഷ് ആശാൻ്റെയും കുട്ടപ്പൻ ആശാന്റെയും നേതൃത്വത്തിൽ ഓൺലൈൻ ക്ലാസിലൂടെയാണ് ഇവർ പരിശീലനം നേടിയത്.
മലയാളിയുടെ മനസ്സിൽ തൃശ്ശൂർപൂരവും ചെണ്ടമേളവും ശിങ്കാരമേളവും വിസ്മയങ്ങൾ തീർക്കുന്ന അഭിവാജ്യ ഘടകം തന്നെയാണ്. മനസ്സിന് ആനന്ദയും കുളിർമവും നൽകുന്ന സ്വരലയ താളമേളങ്ങൾ ഇഷ്ടപ്പെടാത്ത ഒരു മലയാളിയും ഇല്ല. കേരളത്തിലെ പ്രമുഖ പള്ളികളിലെ പെരുന്നാളിനും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ അണിനിരക്കുന്ന തൃശ്ശൂർ പൂരത്തിനും വരെ ചെണ്ടയിൽ നിന്ന് ഉൽഭവിക്കുന്ന ധ്വനി ആസ്വദിക്കാൻ ജനസമുദ്രം ഒഴുകിയെത്തുന്ന കാഴ്ചകൾ ഓരോ മലയാളിയ്ക്കും സുപരിചിതമാണ്.
കേരളത്തിൽ നിന്ന് കടൽ താണ്ടി പോയ ദേശത്തേക്ക് പോലും കേരളത്തിലെ തനതായ കലാരൂപങ്ങളും കുടിയേറി പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്ബേൻ എന്ന സ്ഥലത്ത് കേരളത്തിലെ തനതായ കലാരൂപങ്ങളെ സ്നേഹിക്കുന്ന വലിയ ഒരു മലയാളി സമൂഹമുണ്ട്. തിരക്ക് പിടിച്ച പ്രവാസി ജീവിതത്തിനിടയിൽ അവരിൽ ചിലർ ചേർന്നാണ് ഈ ശിങ്കാരിമേളത്തിന് തുടക്കം കുറിച്ചത്. മലയാള മണ്ണിന്റെ ഓർമ്മകൾക്ക് സൗരഭ്യം പരത്തി ശിങ്കാരി മേള താളത്തിനൊപ്പം ആടി തിമിർത്ത മലയാളി സമൂഹത്തിനും ശിങ്കാരിമേളം അവതരിപ്പിച്ച മലയാളത്തിന്റെ ചുണക്കുട്ടന്മാരായ കലാകാരന്മാർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.