ഇംഫാൽ: മണിപ്പൂരിലെ ആദിവാസികൾക്ക് പ്രത്യേക ഭരണ സംവിധാനമോ, കേന്ദ്ര ഭരണ പ്രദേശമോ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് എംഎൽഎമാർ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാനത്തെ കുക്കി-സോ ആദിവാസി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാരാണ് ഇത്തരം ഒരു അഭ്യർഥന മുന്നോട്ട് വച്ചത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംഎൽമാരിൽ ഏഴ് പേർ ബിജെപി അംഗങ്ങളുമാണ്. വംശീയ കലാപം അരങ്ങേറിയ രണ്ടേകാൽ വർഷത്തിനിടെ ആദ്യമായി സംസ്ഥാനം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് മുന്നിലാണ് ജന പ്രതിനിധികൾ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
ഭൂരിപക്ഷ സമുദായം ന്യൂനപക്ഷ സമൂഹത്തിന് മേൽ ഭരണകൂടത്തിൻ്റെ പങ്കാളിത്തത്തോടെ വംശീയ ആക്രമണം നടത്തിയ സംഭവമാണ് മണിപ്പൂരിൽ അരങ്ങേറിയത്. ഇത്തരം ഒരു സാഹചര്യത്തിൽ ഈ വിഭാഗങ്ങൾക്കൊപ്പം ഒന്നിച്ച് കഴിയുക എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. നല്ല അയർക്കാരായാൽ സമാധാനത്തോടെ കഴിയാമെന്നും പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
‘മണിപ്പൂരിലെ ചില പ്രദേശങ്ങളിൽ നിന്നും ഞങ്ങളുടെ ജനങ്ങളെ പൂർണമായും കുടിയിറക്കി. പലരും അപമാനിക്കപ്പെട്ടു, ആക്രമിക്കപ്പെട്ടു, ബലാത്സംഗം ചെയ്യപ്പെട്ടു, ശാരീരികമായും മാനസികമായും പീഡനങ്ങൾ ഏറ്റുവാങ്ങി. ഭൂരിപക്ഷ സമുദായം ഭരണകൂടത്തിൻ്റെ പങ്കാളിത്തത്തോടെ ന്യൂനപക്ഷ സമൂഹത്തിന് മേൽ നടത്തുന്ന സമാനതകളില്ലാത്ത വംശീയ പീഡനമാണിത്. ഇനി ഒരിക്കലും ഞങ്ങൾക്ക് ഒന്നിച്ച് കഴിയാനാകില്ല. ഞങ്ങളുടെ ജനങ്ങളുടെ വേദനയും ആവശ്യങ്ങളും തിരിച്ചറിയണം. നിയമസഭയോടു കൂടിയ ഒരു പ്രത്യേക കേന്ദ്ര ഭരണ പ്രദേശം എന്ന ആവശ്യം പരിഗണിക്കണം. ഇതിനുള്ള ചർച്ചകൾ വേഗത്തിലാക്കണം. മണിപ്പൂരിൻ്റെ ശാശ്വത സമാധാനവും ജനങ്ങൾക്ക് സുരക്ഷയും നീതിയും ലഭിക്കുമെന്ന് വിശ്വസിക്കുന്നു’ – നിവേദനത്തിൽ കുക്കി എംഎൽഎമാർ ചൂണ്ടിക്കാട്ടി.