കാബൂൾ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ ഇസ്താംബൂളിൽ ഏറ്റവും അവസാനമായി നടന്ന സമാധാന ചർച്ചകളും പരാജയപ്പെട്ടതിനു പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ. തങ്ങൾ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാൻ വക്താവ് സബിഹുള്ള മുജാഹിദ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തുർക്കിയുടെയും ഖത്തറിൻ്റെയും മധ്യസ്ഥ ശ്രമങ്ങളുണ്ടായിട്ടും പാകിസ്ഥാൻ വിഷയത്തെ ഗൗരവമായി സമീപിച്ചില്ലെന്നാണ് താലിബാൻ ആരോപിച്ചു.
ടിടിപി (തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാനും) -യും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പുതിയതല്ല. 2002 മുതൽ അത് നിലനിൽക്കുന്നുണ്ട്. നവംബർ 6, 7 തീയതികളിലെ ചർച്ചകളിൽ സദുദ്ദേശ്യത്തോടെയാണ് അഫ്ഗാൻ പ്രതിനിധികൾ പങ്കെടുത്തതെന്നും പാക്കിസ്ഥാൻ വിഷയത്തെ ഗൗരവമായി സമീപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പ്രസ്താവനയിൽ പറയുന്നു. പാക്കിസ്ഥാൻ ഉത്തരവാദിത്തമില്ലാതെയാണ് ചർച്ചയിൽ പങ്കെടുത്തതെന്നും അഫ്ഗാൻ കുറ്റപ്പെടുത്തി. മറ്റൊരു രാജ്യത്തിനെതിരെ പോരാടുന്നതിന് അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ആരെയും തങ്ങൾ അനുവദിക്കില്ല. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.
ചർച്ച ആരംഭിക്കുന്നതിന് മുമ്പ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫും യുദ്ധത്തിലേക്ക് കടക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ സ്ഥിതി കൂടുതൽ വഷളാകും. യുദ്ധത്തിലേക്ക് തങ്ങൾ കടക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം അഫ്ഗാനിസ്ഥാൻ്റെ ട്രൈബ്സ്, ബോർഡേഴ്സ്, ട്രൈബൽ അഫയേഴ്‌സ് മന്ത്രി നൂറുള്ള നൂറി പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി: അഫ്ഗാനികളുടെ ക്ഷമ പരീക്ഷിക്കരുത്.’ യുദ്ധം ഉണ്ടായാൽ, അഫ്ഗാനിസ്ഥാനിലെ മുതിർന്നവരും യുവാക്കളും അടക്കം പോരാടാൻ ഇറങ്ങുമെന്നും അദ്ദേഹം ആസിഫിന് മുന്നറിയിപ്പ് നൽകി.



