കാബൂൾ: ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ അതൊരു യുദ്ധത്തിനുള്ള വഴി തുറക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൻ്റെ ഭീഷണി. തന്ത്രപ്രധാനമായ ബഗ്രാം വ്യോമതാവളം അമേരിക്കൻ സേന തിരിച്ചു പിടിക്കാനുള്ള സാധ്യതയെക്കുറിച്ച് അടുത്തിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് താലിബാൻ നിലപാട് അറിയിച്ചിരിക്കുന്നത്. താലിബാൻ വഴങ്ങിയില്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് താലിബാൻ നേതാക്കൾ കാണ്ഡഹാറിൽ ഉന്നതതല നേതൃ യോഗം ചേർന്നു. അമേരിക്കയുടെ നീക്കങ്ങളുമായി പാക്കിസ്ഥാൻ സഹകരിച്ചാൽ അത് താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥർ, രഹസ്യാന്വേഷണ മേധാവികൾ, സൈനിക കമാൻഡർമാർ, ഉലമ കൗൺസിൽ എന്നിവരെ ഉൾപ്പെടുത്തി താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് രഹസ്യ യോഗം വിളിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ പരാമർശങ്ങളും യുഎസ് സൈനിക നടപടികൾക്കുള്ള സാധ്യതകളുമായിരുന്നു ചർച്ചാ വിഷയം. ബഗ്രാം വ്യോമതാവളം അമേരിക്കൻ സൈന്യത്തിന് കൈമാറാനുള്ള എല്ലാ സാധ്യതകളും താലിബാൻ നേതൃത്വം ഏകകണ്ഠമായി തള്ളി. ആക്രമിക്കപ്പെട്ടാൽ ‘യുദ്ധത്തിന് പൂർണമായി തയ്യാറെടുക്കുമെന്നും’ അവർ പറഞ്ഞു. പാക്കിസ്ഥാനുള്ള കർശനമായ മുന്നറിയിപ്പായിരുന്നു യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന്. സാധന സാമഗ്രികൾ നൽകിയോ നയതന്ത്രപരമായോ സൈനികപരമായോ ഏതെങ്കിലും തരത്തിൽ പാക്കിസ്ഥാൻ അമേരിക്കയെ സഹായിച്ചാൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ ശത്രു രാജ്യമായി കണക്കാക്കുമെന്ന് നേതൃത്വം പ്രഖ്യാപിച്ചതായി താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കി.
താലിബാന്റെ നിലപാട് അറിയിക്കുന്നതിനും അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തിനെതിരെയും മുന്നറിയിപ്പ് നൽകുന്നതിനുമായി റഷ്യ, ചൈന, ഇറാൻ, പാക്കിസ്ഥാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടും. ഇന്ത്യയുമായി ഇക്കാര്യം സംസാരിക്കാൻ തയ്യാറാണെന്നും താലിബാൻ വൃത്തങ്ങൾ പറഞ്ഞു.