അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ മലയാളിയായ സഞ്ജു സാംസണിൻ്റെ ചിറകിലേറി കൂറ്റൻ സ്കോറാണ് നേടിയത്. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.
ടി20 ലോകകപ്പ് ഫൈനലിലെ മൂന്നാമത്തെ ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്ന് അടിച്ചെടുത്തത്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡുമായി സഞ്ജു സാംസൺ തകർത്തടിച്ച മത്സരത്തിൽ ഇന്ത്യ അനായാസം റൺമല കയറി. 15.1 ഓവറിൽ ഇന്ത്യൻ സ്കോർ 203-ൽ വച്ചാണ് മലയാളി സൂപ്പർ താരം മടങ്ങിയത്. 193.48 സ്ട്രൈക്ക് റേറ്റിൽ എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും പറത്തിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്.
സഞ്ജു സാംസണും (46 പന്തിൽ 89) അഭിഷേക് ശർമയും (21 പന്തിൽ 52) ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഇഷാൻ കിഷൻ (25 പന്തിൽ 54), ശിവം ദുബെ (8 പന്തിൽ 26), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 18) എന്നിവർ ഇന്ത്യക്കായി തിളങ്ങി. ന്യൂസിലൻഡ് ബൗളർമാരിൽ ജെയിംസ് നീഷാം മൂന്ന് വിക്കറ്റുമായി തിളങ്ങി. മാറ്റ് ഹെൻറിയും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. കലാശപ്പോരിൽ ഇന്ത്യൻ ബൗളർമാരിൽ നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റെടുത്ത അക്‌സർ പട്ടേലും തിളങ്ങി. അർധസെഞ്ച്വറി നേടി പുറത്തായ ഓപ്പണർ ടിം സൈഫർട്ട് (26 പന്തിൽ 52), ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ (43) എന്നിവർ മാത്രമേ കീവീസ് ബാറ്റിങ് നിരയിൽ തിളങ്ങാനായുള്ളൂ.
മിന്നും ജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു. സാധാരണമായ കഴിവുകള്‍, ദൃഢനിശ്ചയം,ടീം വര്‍ക്ക് എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് വിജയമെന്നും ഈ ജയം ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ അഭിമാനവും സന്തോഷവും നിറയ്ക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.


