ജലേശ്വർ: ഒഡീഷയിൽ ബാലസോർ രൂപതയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം വ്യാജ മത പരിവർത്തന ആരോപണം ഉന്നയിച്ച് എഴുപതോളം വരുന്ന ബജറംഗ്‌ദൾ പ്രവർത്തകർ രണ്ട് മലയാളി വൈദികരേയും രണ്ട് കന്യാസ്ത്രീകളെയും ഒരു മതബോധന അധ്യാപകനെയും ആക്രമിച്ചു. ബുധനാഴ്‌ച ജലേശ്വർ രൂപതയിലെ ഫാ. ലിജോ നിരപ്പേൽ, ഫാ. വി. ജോജോ എന്നീ വൈദികർക്കാണ് മർദനമേറ്റത്. രണ്ട് പ്രാദേശിക ക്രൈസ്‌തവരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഗംഗാധർ മിഷൻ സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് സംഭവം. വൈദികർക്കൊപ്പം രണ്ട് ക്രൈസ്‌തവ സന്യാസിനിമാരും ഒരു മതബോധന അധ്യാപകനുമുണ്ടായിരുന്നു.
പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും പ്രാർത്ഥനാ ചടങ്ങിനായി ക്ഷണിച്ചതാണെന്ന് ഗ്രാമത്തിലെ സ്ത്രീകൾ അപേക്ഷിച്ചിട്ടും തീവ്ര ഹിന്ദുത്വ വാദികൾ ആക്രമണം തുടർന്നു. ബജറംഗ്ദൾ പ്രവർത്തകർക്ക് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ മുന്നിൽ വെച്ച് സംഘം വർഗീയ അധിക്ഷേപം നടത്തിയെന്നും മതപരിവർത്തനം നടത്തിയെന്ന് വ്യാജമായി ആരോപിച്ചുവെന്നും മർദ്ദനമേറ്റ വൈദികർ വ്യക്തമാക്കി. മുക്കാൽ മണിക്കൂറിന് ശേഷമാണ് രണ്ട് പുരുഷ പൊലീസുകാരും ഒരു വനിതാ കോൺസ്റ്റബിളും ഉൾപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലും ബജറംഗ്‌ദൾ പ്രവർത്തകർ അക്രമം തുടർന്നു എന്നും അവർ പറഞ്ഞു.
സംഘപരിവാർ സംഘടനകളുടെ ക്രൈസ്‌തവ വേട്ട അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ ആവശ്യപ്പെട്ടു. സംഭവത്തിൽ സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല എന്നത് നിയമ സംവിധാനങ്ങളെ വർഗീയ ശക്തികൾ നിയന്ത്രിക്കുന്നതിൻ്റെ തെളിവാണ്. ഛത്തീസ്ഘഡിൽ ബജറംഗ്‌ദൾ പ്രവർത്തകർ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയിട്ടും ഭരണകൂടം ഒരു നടപടിയും എടുക്കാൻ തയ്യാറാവാത്തതാണ് വീണ്ടും അഴിഞ്ഞാടാനും ക്രൈസ്‌തവ ന്യൂനപക്ഷത്തെ ആക്രമിക്കാനും സംഘപരിവാർ സംഘടനകൾക്ക് ധൈര്യം നൽകുന്നത്.
ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകൾ മൂലം ജീവിക്കാൻ തന്നെ കഴിയാത്ത വിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്‌തവർ. ജനാധിപത്യ അവകാശങ്ങൾക്കു മേൽ കടന്നു കയറുന്ന വർഗീയ സംഘങ്ങൾ ഭാരതത്തിൻ്റെ മതേതര സ്വഭാവത്തെ തകർക്കുകയാണ്. രാജ്യത്ത് ക്രൈസ്‌തവർക്ക് നേരെ വർധിച്ചു വരുന്ന അസഹിഷ്‌ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുകയും ക്രൈസ്‌തവർക്ക് നീതി ഉറപ്പാക്കുകയും വേണമെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ആവശ്യപ്പെട്ടു.



