Monday, September 1, 2025
Mantis Partners Sydney
Home » ജി.ഡി.പിയില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റം, റിസര്‍വ് ബാങ്ക് പ്രവചനം മറികടന്ന് ആദ്യപാദത്തില്‍ 7.8% വളര്‍ച്ച
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (ജിഡിപി)

ജി.ഡി.പിയില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റം, റിസര്‍വ് ബാങ്ക് പ്രവചനം മറികടന്ന് ആദ്യപാദത്തില്‍ 7.8% വളര്‍ച്ച

by Editor

ന്യൂ ഡൽഹി: ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാളും വളര്‍ച്ച നേടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച (ജിഡിപി) 7.8 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ നിരക്കാണ് ഇത്. റിസര്‍വ് ബാങ്കിന്റെ 6.5% വളര്‍ച്ചാ പ്രവചനത്തെ മറികടക്കുന്നതാണ് ഈ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ജിഡിപി വളര്‍ച്ച 6.7% ആയിരുന്നു. ശരാശരി 6.7% വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മറ്റ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി 47.89 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 44.42 ലക്ഷം കോടി രൂപയായിരുന്നു. 7.8% വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

കൃഷിയും ഖനന വ്യവസായങ്ങളും ഉൾപ്പെടുന്ന പ്രാഥമിക മേഖലകൾ വാർഷികാടിസ്ഥാനത്തിൽ 2.8% വളർച്ച കൈവരിച്ചു, 2025 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 2.2% ആയിരുന്നു. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കാർഷിക മേഖല മാത്രം വാർഷികാടിസ്ഥാനത്തിൽ 3.7% വളർച്ച കൈവരിച്ചു. അതേസമയം 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഖനന മേഖല 3.1 ശതമാനം ഇടിവ് നേരിട്ടു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഇത് 6.6% ആയിരുന്നു. നിർമ്മാണ, വൈദ്യുതി വ്യവസായങ്ങൾ ഉൾപ്പെടുന്ന ദ്വിതീയ മേഖല വാർഷികാടിസ്ഥാനത്തിൽ 7 ശതമാനം വളർച്ച രേഖപ്പെടുത്തി. സേവന മേഖലയില്‍ 9.3% വാര്‍ഷിക വളര്‍ച്ചയുണ്ടായി. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയവ 8.6% വളര്‍ന്നു. ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ എന്നിവ 9.5% വളര്‍ച്ച നേടി.

കേന്ദ്രം ചെലവഴിക്കുന്ന തുക 52% വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണമായി. നിര്‍മ്മാണം, കൃഷി തുടങ്ങിയ മേഖലകളുടെ മികച്ച പ്രകടനവും ഇതിന് സഹായകമായി. കൂടാതെ, വ്യോമയാന ചരക്ക് ഗതാഗതം, ജിഎസ്ടി പിരിവ്, സ്റ്റീല്‍ ഉത്പാദനം എന്നിവയിലെല്ലാം വര്‍ധനവുണ്ടായി.

അതേസമയം യുഎസിൻ്റെ ഇരട്ട താരിഫുകൾക്കിടയിൽ ജി.ഡി.പി വളർച്ച എങ്ങനെ മുന്നോട്ട് പോകുമെന്നതിൽ വ്യക്തത കൈവന്നിട്ടില്ല. ജിഎസ്‌ടി പുനഃക്രമീകരണം, ആർബിഐ പണനയ അവലോകന സമിതിയുടെ പലിശ നിരക്ക് കുറയ്ക്കൽ, അനുകൂലമായ മൺസൂൺ എന്നിവ വരും പാദങ്ങളിൽ ഉപഭോഗത്തെ പിന്തുണച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നത്.

Send your news and Advertisements

You may also like

error: Content is protected !!