തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി നടുറോഡിൽ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തർക്കം. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. ശാസ്തമംഗലത്തെ വീട്ടില്‍നിന്ന് വെള്ളയമ്പലത്തേക്ക് പോവുകയായിരുന്നു നടന്‍ മാധവ് സുരേഷ്. ഇവിടെവെച്ച് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണ ഓടിച്ച വാഹനവുമായി നേര്‍ക്കുനേര്‍ വരികയായിരുന്നു. വാഹനം കൂട്ടിമുട്ടുന്ന സ്ഥിതിയിലേക്ക് വന്നപ്പോള്‍, അവിടെ തന്നെ നിര്‍ത്തി ഇരുവരും പുറത്തിറങ്ങി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
വിനോദിന്റെ വാഹനത്തിനു മുന്നില്‍ കയറി മാധവ് നില്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ വിനോദ് പൊലീസില്‍ വിവരം അറയിച്ചു. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തിയത്. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി വിനോദ് പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് മാധവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിനോദിനോടും പോലീസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനയില്‍ മാധവ് മദ്യപിച്ചില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ മധ്യസ്ഥചര്‍ച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നല്‍കിയതിനെത്തുടര്‍ന്നാണ് മാധവിനെ വിട്ടയച്ചത്. മാധവിനും വിനോദ് കൃഷ്ണയ്ക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്ന് പൊലീസ് അറിയിച്ചു.