അങ്കമാലി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി. അങ്കമാലിയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ബന്ധുക്കളെ കണ്ടത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് മുതൽ സുരേഷ് ഗോപി ഈ വിഷയത്തിൽ പ്രതികരിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ രാവിലെ തൃശൂരിലെത്തിയ സുരേഷ് ഗോപിയിൽ നിന്ന് പല വിഷയങ്ങളിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും സമ്പൂർണ മൗനമായിരുന്നു മറുപടി.
എല്ലാ വിഷയത്തിലും കൂടെ നിൽക്കാമെന്നും ബിജെപി നേതൃത്വത്തിൻ്റെ ഇടപെടൽ കൊണ്ടാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞതായി സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍നടപടികളില്‍ സുരേഷ് ഗോപി പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തതായി കുടുംബം വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നും അന്യായമായ കേസാണെന്നും സുരേഷ് ഗോപിയോട് വ്യക്തമാക്കിയതായും പറഞ്ഞു. കോടതിയിലിരിക്കുന്ന കേസാണെന്നും അതില്‍ കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദം കത്തുന്നതിനിടെയാണ് സുരേഷ്‌ഗോപി ഇന്നലെ തൃശൂരില്‍ എത്തിയത്. വിവാദങ്ങളില്‍ മൗനം തുടര്‍ന്ന സുരേഷ് ഗോപി, ഇത്രയൊക്കെ സഹായിച്ചതിന് നന്ദിയെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചിനിടെ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകരെ അശ്വിനി ആശുപത്രിയിലെത്തി സുരേഷ് ഗോപി കണ്ടു. ക്യാംപ് ഓഫീസിലെത്തിയ സുരേഷ് ഗോപി, പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് അങ്കമാലിയിലെത്തിയത്.