തൃശൂര്‍: തൃശൂര്‍പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. എഡിജിപി എച്ച്.വെങ്കടേഷ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പൂരം ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റുവാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടർന്ന് പൂരം വേദിയിലേക്ക് ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 34 വകുപ്പുകൾ, മോട്ടർ വാഹന നിയമത്തിലെ 179, 184, 188, 192 വകുപ്പുകൾ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.