കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും എഡിജിപി അജിത്ത് കുമാറിനെയും രക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് പ്രഥമദൃഷ്‌ട്യാ തെളിഞ്ഞിരിക്കുകയാണെന്നും അദേഹം പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാർട്ടിൻ ജോർജും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. വിജിലൻസ് കോടതിയുടെ നടപടിയിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതെന്ന് തെളിഞ്ഞു. നിയമ ലംഘനങ്ങളുടെ വകുപ്പായി അഭ്യന്തര വകുപ്പ് മാറിയിരിക്കുകയാണ് എന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമികമായി അവകാശമില്ല എന്ന് അദ്ദേഹം പറഞ്ഞു. “ജനാധിപത്യ രാജ്യത്ത് ഭരണഘടനയും സുപ്രീംകോടതിയുമുണ്ട്. എല്ലാവരും ഭരണഘടനയ്ക്ക് വിധേയരാണ്. ഓരോ അന്വേഷണവും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം. ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടോ, കോഗ്നിസബിള്‍ കുറ്റകൃത്യമാണോ എന്നത് നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത്; അല്ലാതെ രാഷ്ട്രീയ എക്‌സിക്യൂട്ടീവിന്റെ അംഗീകാരത്തെ ആശ്രയിച്ചുള്ളതല്ല.” – കോടതിയുടെ ഈ നിരീക്ഷണങ്ങൾ മുഖ്യമന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമെന്ന് അടിവരയിടുന്നതാണ്. അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് കോടതി നിരീക്ഷണമുണ്ട്. ‘സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം’ എന്ന ഹൈക്കോടതിയുടെ നേരിട്ടല്ലാത്ത പരാമർശത്തിലാണ് കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരം ചെയ്തത്. അന്ന് സമരത്തിന് നേതൃത്വം നൽകിയ പിണറായി വിജയന് കോടതിയുടെ നേരിട്ടുള്ള ഈ പരാമർശത്തിൽ ഒന്നും പറയാനില്ലേ എന്നും വി ഡി സതീശൻ ചോദിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയായിരുന്നു വിജിലൻസ് കോടതിയുടെ നടപടി. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജി പരിഗണിച്ചായിരുന്നു നടപടി.