Saturday, July 19, 2025
Mantis Partners Sydney
Home » തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

by Editor

കൊല്ലം: തേവലക്കര ബോയ്‌സ്‌ ഹൈസ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്‌തു. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്‌ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെൻ്റ് നടപടി. കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നതിൽ പ്രധാന അധ്യാപികയുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്‌ച ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സീനിയർ അധ്യാപികയായ ജി. മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പാലിക്കുന്നതിൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന് മാനേജ്‌മെൻ്റിനോട് നിർദേശിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനേജ്മെൻ്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടി എടുക്കും. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചു. സ്‌കൂൾ മാനേജ്‌മെൻ്റിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വിദേശത്തുള്ള അമ്മ സുജ ഇന്ന് നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്. സുജ ഇന്ന് കൊച്ചിയിലെത്തുമെന്നാണ് വിവരം.

Send your news and Advertisements

You may also like

error: Content is protected !!