തിരുവനന്തപുരം: മാരിടൈം മേഖലയിൽ ആരും പ്രതീക്ഷിക്കാത്ത അദ്ഭുതകരമായ കുതിപ്പാണ് വിഴിഞ്ഞത്തു സംഭവിക്കുന്നത്. ദക്ഷിണേഷ്യയുടെ കപ്പൽ വാണിജ്യമേഖലയുടെ റൂട്ട്മാപ്പ് തന്നെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖം മാറ്റിമറിച്ചു. കൊളംബോ, സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വമ്പൻ കപ്പലുകൾ വിഴിഞ്ഞത്തേക്കെത്തി. പ്രവർത്തനസജ്ജമായി ഒൻപതു മാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യംചെയ്ത ദക്ഷിണേഷ്യയിലെതന്നെ ആദ്യത്തെ തുറമുഖമായിരിക്കും വിഴിഞ്ഞം.
വിഴിഞ്ഞം തുറമുഖത്ത് 10 ലക്ഷം കണ്ടെയ്‌നറുകൾ എത്തിയപ്പോൾ ജി എസ് ടി ഇനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു ലഭിച്ചത് 75 കോടി രൂപയാണ്. ഇതുവരെ 450-തോളം കപ്പലുകൾ ആണ് വിഴിഞ്ഞത്തെത്തിയത്. ജൂലൈ 31 വരെ 419 കപ്പലുകളാണ് ഇവിടെ വന്നുപോയത്. ഇക്കാലയളവിൽ യൂസർഫീ ഇനത്തിൽ അദാനി ഗ്രൂപ്പിന് 384 കോടി രൂപയാണ് ലഭിച്ചത്. ഓഗസ്റ്റിൽ 40 കപ്പലുകളിൽനിന്നായി ഒരുലക്ഷത്തിലധികം കണ്ടെയ്‌നർ എത്തിയതായാണ് സൂചന, അതിൽ നിന്ന് 40 കോടിയോളം തുറമുഖത്തിനു വരുമാനമുണ്ടാകും. യൂസർഫീയുടെ 18 ശതമാനമാണ് ജിഎസ്ടിയായി സർക്കാരിനു ലഭിക്കുക.
ഓരോ കപ്പലും തുറമുഖത്ത് വന്നുപോകുന്നതിനു നൽകുന്ന യൂസർഫീ ഇനത്തിലെ മാത്രം കണക്കാണിത്. ഇതിനുപുറമേ തുറമുഖം പ്രവർത്തിക്കുന്നതിനും ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവിന്റെ നികുതിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിക്കും. നിലവിൽ നികുതിവരുമാനം മാത്രമാണ് സർക്കാരിനു തുറമുഖത്തുനിന്നു ലഭിക്കുകയുള്ളൂ. 2036 മുതൽ മാത്രമേ വരുമാനത്തിൻ്റെ വിഹിതം സർക്കാരിനു ലഭിക്കൂ. നിലവിൽ കപ്പലുകളിൽനിന്നു കപ്പലുകളിലേക്കു ചരക്കു കൈകാര്യം ചെയ്യുന്ന ട്രാൻസ്ഷിപ്മെൻ്റ് മാത്രമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. റോഡ്, റെയിൽ കണക്ടിവിറ്റി വരുമ്പോൾ രാജ്യത്തെ വ്യവസായ ലോകത്തെ ബന്ധിപ്പിക്കുന്ന ഏകജാലക സംവിധാനമായി വിഴിഞ്ഞം മാറും.