മലപ്പുറം: തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ആറുവസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസലിൻ്റെയും ബൾക്കീസിൻ്റെയും മകളായ ഫൈസയാണ് മരിച്ചത്. തിരൂർ ചമ്രവട്ടം റോഡിൽ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുൻപിൽ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത്. പുറത്തൂർ യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. ഫൈസ മാതാവിൻ്റെ മടിയിലിരുന്നു യാത്ര ചെയ്യുകയും പിതാവ് ഓട്ടോ ഓടിക്കുകയുമായിരുന്നു. കുഴിയിൽ ചാടിയ ഓട്ടോറിക്ഷയുടെ പിൻഭാഗം പൊങ്ങിയതോടെ മാതാവിൻ്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരിക്കേൽക്കുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒമ്പതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സഹോദരങ്ങൾ ഫാസിൽ, അൻസിൽ.