ലണ്ടൻ∙ യുകെയിലെ ബെർമിങ്ങാമിന് സമീപമുള്ള ഓൾഡ്ബറിയിൽ ഇരുപതുകാരിയായ സിഖ് യുവതിയെ രണ്ട് തദ്ദേശീയർ ചേർന്ന് ബലാത്സംഗം ചെയ്യുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഇരുപത് വയസുള്ള യുവതിയാണ് ബലാത്സംഗത്തിനിരയായത്. നിങ്ങൾ ഈ രാജ്യക്കാരിയല്ലെന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും യുവതിയോട് അക്രമികൾ പിന്നീട് ആക്രോശിച്ചു.
ചൊവ്വാഴ്ച രാവിലെ 8.30 നാണ് ടെയിം റോഡിൽ യുവതിക്ക് നേരെ ആക്രമണം നടന്നത്. പ്രതികളായ രണ്ട് തദ്ദേശീയർക്കായി വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അന്വേഷണം തുടങ്ങി. അതിൻ്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഫോറൻസിക് പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്.
യുവതി ബലാത്സംഗത്തിനിരയായ സംഭവം പ്രദേശത്തെ സിഖ് സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. വംശീയ ലക്ഷ്യത്തോടെയുള്ള ആക്രമണം എന്ന നിലയ്ക്കാണ് അവർ സംഭവത്തെ വിലയിരുത്തുന്നത്. സമൂഹത്തോട് ജാഗ്രത പാലിക്കാനും കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി സിഖ് യൂത്ത് യുകെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സിഖ് സമൂഹത്തിൻ്റെ രോഷത്തെ പൂർണമായി മനസിലാക്കുന്നുവെന്നും പ്രദേശത്ത് പട്രോളിങ് വർധിപ്പിക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.