താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻ്റായി ശ്വേത മേനോൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അമ്മ (A.M.M.A) സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. ഒഫിഷ്യലി ‘അമ്മ’യായി എന്ന് ശ്വേത മേനോന്‍ വിജയത്തിന് ശേഷം പ്രതികരിച്ചു. ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
പ്രസിഡന്റ് (ശ്വേത മേനോൻ), വൈസ് പ്രസിഡൻ്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അൻസിബ), ജനറൽ സെക്രട്ടറി (കുക്കു പരമേശ്വരൻ) എന്നിങ്ങനെ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ വനിതകൾ എത്തിയതാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാൻ എത്തിയില്ല. മോഹൻലാൽ, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖർ വോട്ട് ചെയ്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡൻ്റ് സ്‌ഥാനം ഒഴിഞ്ഞത്. ഓഗസ്‌റ്റ് 27ന് ഭരണസമിതി രാജിവച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.