കോഴിക്കോട്: സിപിഎമ്മുകാർ അധികം കളിക്കരുതെന്നും കേരളം ഞെട്ടുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തു വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിക്കെതിരേയും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. കാളയയുമായി തൻ്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെ കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കേണ്ട. എന്നാൽ ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്, വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. അതിന് വലിയ താമസം ഒന്നും വേണ്ട’– പ്രതിപക്ഷ നേതാവ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ നൽകി. തിരഞ്ഞെടുപ്പിനു മുൻപ് അതു വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിന് “ഒരുപാട് ദിവസം ഇല്ലേ ഇലക്‌ഷന് അത്ര ദിവസം പോകില്ല” എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.
ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കൻ്റോൺമെൻ്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാർട്ടി ഓഫീസിൻ്റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകും. വെയിറ്റ് ചെയ്‌താ മതിയെന്നും വി.ഡി സതീശൻ പറഞ്ഞു.
സ്ത്രീകളെ വേട്ടയാടുന്ന പാർട്ടിയായി സിപിഎം മാറിയെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിലെ കോൺഗ്രസ് അംഗം എസ്. ശ്രീജയുടെ ആത്മഹത്യയിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ആരോപിച്ചു. സാമ്പത്തിക ബാധ്യതയുള്ളവരെ പൊതുയോഗം നടത്തി സിപിഎം അധിക്ഷേപിക്കുകയാണ്. ആര്യനാട്ടിൽ പഞ്ചായത്തംഗത്തിന്റെ മരണത്തിന് ഉത്തരവാദികളായ ആളുകൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണം.
ജിഎസ്ടിയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ ഇടനിലക്കാരെ വച്ച് അഴിമതി നടക്കുന്നു. ദല്ലാളന്മാരെ വച്ചുകൊണ്ടാണ് ജിഎസ്‌ടി ഇന്റലിജൻസിന്റെ പേര് സിപിഎം അനുഭാവികളായവർ പണം സമ്പാദിക്കുന്നത്. ജിഎസ്ടി പിരിവു തന്നെ കേരളത്തിൽ പരിതാപകരമായ അവസ്‌ഥയിലാണ്. അവിടെയാണ് സർക്കാരിലേക്കു കിട്ടേണ്ട പണം ഇടനിലക്കാരെ വച്ച് കൈക്കൂലി വാങ്ങിച്ച് അഴിമതി നടക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഇഎസ്‌ടിയിൽ നടക്കുന്ന ഈ അഴിമതി എന്നും വി.ഡി സതീശൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സംഘടനാ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ ആ വിഷയം ക്ലോസ്‌ഡ് ആണ് എന്നായിരുന്നു മറുപടി. “ആ സബ്‌ജക്റ്റ് ക്ലോസ് ചെയ്‌തു. ഹൃദയവേദനയോടുകൂടി ആണ് ഒരു സഹപ്രവർത്തകന് എതിരായി നടപടി എടുത്തത്. ബന്ധമല്ല, അടുപ്പമല്ല, ഒരു നിലപാടാണത്. സ്ത്രീപക്ഷ നിലപാടാണ് പാർട്ടി എടുത്തിരിക്കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ബഹുമാനിക്കുന്ന ഒരു പാർട്ടി ആയതുകൊണ്ടാണ് ആ നിലപാടെടുത്തത്” – സതീശൻ വിശദീകരിച്ചു. ലൈംഗിക അപവാദ കേസിൽ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. റേപ് കേസിൽ പ്രതിയായ എംഎൽഎയോടു രാജിവയ്ക്കാൻ പറയണം. മുഖ്യമന്ത്രിയുടെ ഓഫിസ് മുതൽ അങ്ങോട്ടു ലൈംഗിക അപവാദ കേസുകളിൽ പ്രതികളായ ആളുകളെ വച്ചുകൊണ്ട് സിപിഎം നടത്തുന്നത് എം.വി. ഗോവിന്ദനെ രക്ഷിക്കാനും മന്ത്രി അടക്കമുള്ള ഹവാല, റിവേഴ്സ് ഹവാല കേസിലുള്ളവരെ രക്ഷപ്പെടുത്താനുമാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ മകനെതിരായി ഗുരുതരമായ ഒരു ആരോപണത്തിനു സിപിഎമ്മിനു മറുപടിയില്ല. സിപിഎം നേതാക്കന്മാർക്കും ഒരു മന്ത്രിക്കുൾപ്പടെ കളങ്കിത വ്യക്തിത്വമായ രാജേഷ് കൃഷ്‌ണ ഹവാലയിലും റിവേഴ്സ് ഹവാലയിലും കൂടി ഉണ്ടാക്കിയ പണം അയച്ചെന്നൊരു ആരോപണം ഉയർന്നെങ്കിലും രണ്ടു മൂന്നു ദിവസമായി ആരും അതു ചർച്ച ചെയ്തില്ല എന്നും സതീശൻ പറഞ്ഞു.